മോഹന്‍ലാലിന് പിറന്നാള്‍ ആശംസയുമായി ബോളിവുഡ് താരം; ആശംസയ്ക്ക് പിന്നിലെന്ത്?

ഇന്നലെ അന്‍പത്തിയെട്ടാം പിറന്നാള്‍ ആഘോഷിച്ച സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ തേടി ബോളിവുഡില്‍ നിന്ന് ഒരു പിറന്നാള്‍ ആശംസയെത്തി. മറ്റാരുമല്ല സൂപ്പര്‍ താരം ഹൃതിക് റോഷന്റെയായിരുന്നു അത്. പ്രിയപ്പെട്ട മോഹന്‍ലാല്‍ സര്‍, സന്തോഷ ജന്മദിനം ആശംസിക്കുന്നു, സ്‌നേഹം എന്നാണ് ഹൃതിക് തന്റെ ട്വിറ്ററില്‍ കുറിച്ചത്. ലാലേട്ടന്റെ ജന്മദിനമായ മെയ് 21 ന് അതിരാവിലെ നാല് മണിയ്ക്കാണ് ഹൃതിക് ട്വിറ്റെറില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത്.

നന്ദി ഹൃതിക്, അനുഗ്രഹങ്ങള്‍ ഉണ്ടാകട്ടെ എന്ന് മോഹന്‍ലാലും ഹൃതികിനെ അറിയിച്ചു. ജനുവരി 10ന് ഹൃതിക് റോഷന്‍ പിറന്നാള്‍ സമയത്തും ഇവര്‍ തമ്മില്‍ ഇത് പോലെ ട്വിറ്ററില്‍ ആശംസകള്‍ കൈമാറിയിരുന്നു. അത് മുതല്‍ ആരാധകര്‍ക്കുള്ള സംശയം ഇപ്പോള്‍ ബലപ്പെട്ടിരിക്കുകയാണ്.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രമായ ഭീമസേനനെ അവതരിപ്പിക്കുന്ന മഹാഭാരതം എന്ന ചിത്രത്തില്‍ കൃഷ്ണനായി എത്തുന്നത് ഹൃതിക് റോഷന്‍ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ തമ്മിലുള്ള സൗഹൃദത്തിന്റെ അടിസ്ഥാനം മഹാഭാരതത്തിനു വേണ്ടി അവര്‍ ഒരുമിക്കുന്നു എന്നതാണ് എന്നാണ് ആരാധകര്‍ അനുമാനിക്കുന്നത്.

1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമയാണ് മഹാഭാരതം. ശ്രീകുമാര്‍ മേനോന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എം.ടി.വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി എടുക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ എംടിയുടെ തന്നെയാണ്. മോഹന്‍ലാല്‍ ഭീമനാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ചിത്രത്തിലെ മറ്റുതാരങ്ങളെക്കുറിച്ച് അണിയറപ്രവര്‍ത്തകര്‍ വെളിപ്പെടുത്തിയിരുന്നില്ല. തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയാകും കര്‍ണന്‍ ആയി എത്തുക എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് . ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് താനുമായി ചര്‍ച്ച നടത്തിയതായി 58 കാരനായ നാഗാര്‍ജുന ഒരു പ്രമുഖ ദിനപത്രത്തോട് പറഞ്ഞിരുന്നു. ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ലെന്നും നാഗാര്‍ജുന വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment