തിരുവനന്തപുരം: സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലാത്തി ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി പോലീസുകാര്‍ക്ക് ലാത്തി ഉപയോഗിക്കേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തില്‍ മനുഷ്യരുടെ മര്‍മസ്ഥാനങ്ങള്‍ ഒഴിവാക്കി ലാത്തി ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് സംസ്ഥാനത്തെ മുഴുവന്‍ പോലീസുകാര്‍ക്കും നല്‍കുന്നത്.
പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അനുമതിയോടെ ബറ്റാലിയനിലെ പോലീസുകാര്‍ക്കും റിക്രൂട്ടുകള്‍ക്കും പുതിയ രീതിയില്‍ പരിശീലനം നല്‍കിക്കഴിഞ്ഞു. ലാത്തി ഡ്രില്ലിനൊപ്പം മോബ് ഓപ്പറേഷനും പരിഷ്‌കരിച്ചിട്ടുണ്ട്. പോലീസ് ട്രെയ്നിങ് കോളേജ് പ്രിന്‍സിപ്പലും ക്രൈംബ്രാഞ്ച് ഡി.ഐ.ജിയുമായ കെ. സേതുരാമന്‍ വിശദമായ പഠനം നടത്തിയാണ് ലാത്തി ഡ്രില്‍ പരിഷ്‌കരണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
ജനക്കൂട്ടത്തെയോ വ്യക്തിയെയോ ലാത്തികൊണ്ട് തല്ലുമ്പോള്‍ തല, നെഞ്ച്, അരക്കെട്ട് തുടങ്ങിയ മര്‍മഭാഗങ്ങളില്‍ അടിക്കാന്‍ പാടില്ല. കണ്ണീര്‍വാതകം പ്രയോഗിക്കുന്ന സംഘം ഏറ്റവും മുന്നിലും അവര്‍ക്കു പിന്നില്‍ ലാത്തി സംഘവും ഏറ്റവും പിന്നില്‍ തോക്ക് കൈവശമുള്ള സംഘം എന്ന രീതിയിലാകണം ഇനിമുതല്‍ നില്‍ക്കാന്‍.
Leave a Comment