ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായത് വന്‍ അട്ടിമറിയുടെ ഭാഗമാണെന്ന് കോണ്‍ഗ്രസ്. രാഹുലിന്റെ കര്‍ണാടക യാത്രക്കിടെയാണ് വിമാനത്തിന് സാങ്കേതിക തകരാര്‍ സംഭവിച്ചത്. മനഃപൂര്‍വമുള്ള അട്ടിമറി സാധ്യതയാകാമെന്നും അതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രണ്ട് പൈലറ്റുമാരെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാല്‍ വിമാനത്തിനുണ്ടായ സാങ്കേതിക തകരാര്‍ അസാധാരണമല്ലെന്ന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ) പറഞ്ഞു. ഓട്ടോ പൈലറ്റ് സംവധാനത്തിലുണ്ടാകുന്ന ഇത്തരം പാളിച്ചകള്‍ സാധാരണയാണ്. അസ്വാഭാവികത ഉണ്ടായെന്ന് തോന്നുന്ന വിഐപി വിമാനങ്ങള്‍ ഡിജിസിഎ പരിശോധിക്കുന്നത് പതിവ് നടപടിയാണ്.
വിമാനം പരിശോധിച്ച ശേഷം രണ്ടാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഡിജിസിഎ വ്യക്തമാക്കി. രാഹുല്‍ ഗാന്ധി കര്‍ണാടകയിലേക്ക് പോയ വിമാനം പലതവണ കറങ്ങുകയും ഇടത്തേക്ക് ഉലയുകയും ചെയ്തു. പിന്നീട് താഴേക്ക് ചാരിയുകയും ചെയ്തുവെന്ന് ഡിജിസിഎക്ക് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. വിമാനം ഹൂബ്ലി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിപ്പോയതായും റിപ്പോര്‍ട്ടുണ്ട്.
Leave a Comment