ഇടവേളയ്ക്ക് ശേഷം ജോയ് മാത്യു തിരക്കഥയെഴുതിയ ചിത്രമാണ് അങ്കിള്‍. മമ്മൂട്ടിയും കാര്‍ത്തിക മുരളീധരനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് ജോയ് മാത്യുവും ചിത്രത്തില്‍ നിറസാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രഖ്യാപനം മുതല്‍ക്ക് തന്നെ ഈ ചിത്രം വാര്‍ത്തകളിള്‍ ഇടംനേടിയിരുന്നു. സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിട്ടുള്ളത്.
ലാലും സജിതാ മഠത്തിലും വിനയ് ഫോര്‍ട്ടും പ്രധാന വേഷത്തിലെത്തിയ ഷട്ടറിന് തിരക്കഥയൊരുക്കിയത് ജോയ് മാത്യുവായിരുന്നു. കാലിക പ്രസക്തിയുള്ള വിഷയമായിരുന്നു സിനിമയുടേത്. പ്രതീക്ഷിച്ചതിനും എത്രയോ അപ്പുറത്തായിരുന്നു ഈ സിനിമയെന്ന് ആരാധകര്‍ തന്നെ വിലയിരുത്തിയിരുന്നു. അതിന് ശേഷമുള്ള സിനിമയെന്ന നിലയില്‍ അങ്കിള്‍ വന്‍വെല്ലുവിളിയാണ്. എന്നാല്‍ ഷട്ടറിന് മുകളില്‍ നില്‍ക്കുന്ന ചിത്രം തന്നെയാണ് അങ്കിളെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു.
ഷട്ടറിനെ കവച്ച് വെക്കുന്ന ചിത്രമല്ല ഇതെങ്കില്‍ താന്‍ ഈ പണി നിര്‍ത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് വീണ്ടും പ്രേക്ഷകരുടെ സഹായം തേടിയാണ് അദ്ദേഹം രംഗത്തെത്തിയത്. ചിത്രം കണ്ട് താന്‍ ഏത് പണി നിര്‍ത്തണമെന്ന് പ്രേക്ഷകര്‍ പറയണമെന്നാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ഈ സിനിമയില്‍ ഞാന്‍ മൂന്നു തരത്തില്‍ ജോലിയെടുത്തിട്ടുണ്ട് കഥ,തിരക്കഥ,സംഭാഷണം പിന്നെ അഭിനയം അതും പോരാഞ്ഞ് നിര്‍മ്മാണവും ഞാന്‍ തന്നെ- ഇതൊരു കൈവിട്ട കളിയാണെന്നറിയാം എന്നാലും സിനിമ കണ്ടശേഷം ഞാന്‍ ഏത് പണി നിര്‍ത്തണം ഏത് തുടരണം എന്ന് കൂടി നിങ്ങള്‍ പറഞ്ഞുതരണം എന്നപേക്ഷ ജോയ് മാത്യു വ്യക്തമാക്കുന്നു.
രഞ്ജിത്തിന്റെയും പത്മകുമാറിന്റെയും അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരീഷ് ദാമോദര്‍ ചിത്രത്തിലൂടെ സ്വതന്ത്ര്യ സംവിധായകനാവുകയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ചിത്രം ഒരുക്കുന്നുണ്ട്. റെക്കോര്‍ഡ് തുകയ്ക്കാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് വിറ്റുപോയത്. സിനിമയില്‍ അഭിനയിച്ചതിന് മമ്മൂട്ടിക്ക് പ്രതിഫലം നല്‍കിയിരുന്നില്ലെന്ന് ജോയ് മാത്യു വ്യക്തമാക്കിയിരുന്നു. ഏപ്രില്‍ 27ന് ചിത്രം തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
Leave a Comment