മോദിയെ വിമര്‍ശിച്ച് പാട്ട് പാടിയ നാടോടി ഗായകന്‍ കോവന്‍ വീണ്ടും അറസ്റ്റില്‍

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചുകൊണ്ട് പാട്ടുപാടിയതിന്റെ പേരില്‍ തമിഴ് നാടോടി ഗായകനും സാമൂഹിക പ്രവര്‍ത്തകനുമായ കോവന്‍ അറസ്റ്റില്‍. പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ തമിഴ്നാട്ടില്‍ പ്രവേശിപ്പിച്ച ശ്രീരാമ ദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ രഥയാത്രയേയും പാട്ടില്‍ കോവന്‍ പരിഹസിച്ചിരുന്നു. ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനു പിന്നാലെയാണ് കോവന്റെ അറസ്റ്റ്.

തൃച്ചിയിലെ ബി.ജെ.പി യൂത്ത് വിങ് സെക്രട്ടറിയായ എന്‍ ഗൗതമിന്റെ പരാതിയെ തുടര്‍ന്നാണ് കോവനെ അറസ്റ്റു ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ശത്രുത പ്രചരിപ്പിച്ചു, സമാധാനം നശിപ്പിക്കാന്‍ ശ്രമിച്ചു, തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ എടുത്തിരിക്കുന്നതെന്നും പൊലീസ് പറയുന്നു.

രഥയാത്രയുടെ ദൃശ്യങ്ങളും അതിന്റെ പശ്ചാത്തലത്തില്‍ ഇഷ ഫൗണ്ടേഷന്‍സിലെ സദ്ഗുരു ജഗ്ഗി വാസുദേവ് നൃത്തം ചെയ്യുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

കാവേരി വിഷയത്തില്‍ പ്രധാനമന്ത്രി മോദിയെ ആക്രമിക്കുന്നതായിരുന്നു കോവന്റെ ഗാനം. ‘ ചെരുപ്പുമായി ഭരണം നടത്തിയ കഥ രാമായണത്തിലാണ്. തമിഴ്നാട്ടില്‍ മോദിയുടെ രണ്ട് ചെരുപ്പുകളാണ് ഭരിക്കുന്നത്.’ എന്ന് കോവന്‍ പാടിയിരുന്നു.

2015ലും കോവന്‍ പാട്ടുപാടിയതിന്റെ പേരില്‍ അറസ്റ്റിലായിരുന്നു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ വിമര്‍ശിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റ്. തമിഴ്നാട് സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ഈ പാട്ടുപാടിയത്. കേരളത്തില്‍ ഉള്‍പ്പെടെ ഇത് വലിയ പ്രതിഷേധങ്ങള്‍ക്കു വഴിവെച്ചിരുന്നു.

pathram desk 1:
Related Post
Leave a Comment