ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയിട്ടില്ല, തന്നെ ‘ തിരുമേനി ‘ എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണെന്ന് ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

കോഴിക്കോട്: മേല്‍ജാതി ബോധം ഊട്ടിയുറപ്പിക്കാന്‍ കുടുംബയോഗ വാര്‍ഷികം എന്ന പേരില്‍ കേരളത്തില്‍ നടക്കുന്ന പരിപാടികളില്‍ താന്‍ ഇനി പങ്കെടുക്കില്ലെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. കൃത്രിമമായി സൃഷ്ടിച്ചെടുത്ത മേല്‍ജാതി സ്വത്വവും പാരമ്പര്യവും ഊട്ടിയുറപ്പിക്കാനാണ് ഇത്തരം പരിപാടികളെന്നും തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറഞ്ഞു.

പകലോമറ്റത്തെയും കള്ളിയാങ്കലിലെയുമൊക്കെ ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനികളാക്കിയെന്നത് അബദ്ധധാരണയാണെന്നും സവര്‍ണ ജാതിബദ്ധവും അടിസ്ഥാനരഹിതവുമായ ഇത്തരം മിത്തുകള്‍ തകര്‍ക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇന്ന് ഒരു തീരുമാനം കൂടി എടുക്കുന്നു: ഇനി മുതല്‍ ”കുടുംബയോഗ വാര്‍ഷികം ‘ എന്ന പേരില്‍ കേരളത്തില്‍ മെയ്, ഡിസംബര്‍ മാസങ്ങളില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കില്ല. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ”മേല്‍ജാതി ‘ സ്വത്വവും പാരമ്പര്യവും ഊട്ടി ഉറപ്പിക്കുവാനുള്ള കലാപരിപടികളാണ് ഇവയില്‍ ഒട്ടേറെയും. ഒന്നുകില്‍ പകലോമറ്റം, അല്ലെങ്കില്‍ കള്ളിയാങ്കല്‍ ഇങ്ങിനെ പോകും ഇവരുടെ എല്ലാവരുടെയും വേരുകള്‍! അവിടെയെല്ലാം ഉണ്ടായിരുന്ന ”ഇല്ലങ്ങളി”ലെ ബ്രാഹ്മണരെ തോമാഗ്ലീഹ ക്രിസ്ത്യാനികളാക്കിയവരാണ് ഈ കുടുംബങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ പോലും! ഇത്തരം അബദ്ധങ്ങള്‍ എല്ലാം ചേര്‍ത്ത് കുടുംബ ചരിത്രം പുസ്തകവുമാക്കി വക്കും. അടിസ്ഥാന രഹിതവും സവര്‍ണ്ണ ജാതിബദ്ധവും പ്രതിലോമകരവുമായ ഈവിധ മിത്തുകള്‍ തകര്‍ക്കപ്പെടണം വ്യക്തിപരമായ അടുപ്പങ്ങള്‍ കൊണ്ട് ഇത്തരം പല പരിപാടികളിലും പങ്കെടുക്കേണ്ടി വന്നിട്ടുണ്ട്: കുറ്റബോധമുണ്ട്. ഇനി ആവില്ല.

വാല്‍ക്കഷണം:

താഴെ കണ്ട കുറെ അഭിപ്രായങ്ങള്‍ വായിച്ചപ്പോള്‍ കുറിക്കുന്നതാണ്. പലരും എന്നെ ‘ തിരുമേനി ‘ എന്ന് വിളിക്കുന്നതും ഒരു സവര്‍ണ്ണ നിര്‍മ്മിത മിത്താണ്. സുഹൃത്തേ എന്നോ, പിതാവേ എന്നോ ഇനി ഔപചാരിമാകണമെങ്കില്‍ ”ബിഷപ്പ് ‘ എന്നോ ഒക്കെ വിളിക്കാമല്ലോ (ജാതിയെ ചെറുക്കാന്‍ ഏറ്റവും നല്ല ആയുധം ഇംഗ്ലീഷ് ഭാഷയെന്ന് ഒ.വി. വിജയന്‍). നന്മള്‍ മാറണം മാറ്റണം പലതും

pathram desk 2:
Related Post
Leave a Comment