കോട്ടയം: കേരളത്തലിലെ ദളിത് സംഘടനകള്‍ നാളെ ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ ബസുകള്‍ നിരത്തിലിറക്കിയാല്‍ കത്തിക്കുമെന്ന് ഗോത്രമഹാ സഭ കോര്‍ഡിനേറ്റര്‍ എം. ഗീതാനന്ദന്‍. ഇത്തരം സാഹചര്യങ്ങളിലേയ്ക്കു കാര്യങ്ങള്‍ കൊണ്ട് എത്തിക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിനെ പരാജയപ്പെടുത്തുമെന്ന ബസുടമകളുടെ പ്രസ്താവന ജനങ്ങള്‍ തള്ളിക്കളയും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുമ്പോള്‍ ഇത്തരം പ്രതികരണങ്ങള്‍ ബസുടമകള്‍ നടത്താറില്ല. ദളിത് സംഘടനകളുടെ ശക്തിയെ വെല്ലുവിളിക്കുന്നത് ആര്‍ക്കും ഗുണകരമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഹര്‍ത്താലിനു പിന്തുണ നല്‍കാന്‍ 30 ഓളം ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. സുപ്രീം കോടതി വിധി മറികടക്കാനും ജനാധിപത്യ സംരക്ഷണത്തിനും പാര്‍ലമെന്റു നിയമനിര്‍മാണം നടത്തണം. ഈ ആവശ്യം ഉന്നയിച്ച് 25ന് രാജ്ഭവന്‍ മാര്‍ച്ചു നടത്തുമെന്നും അദ്ദഹം പറഞ്ഞു.
അതേ സമയം ദളിത് സംഘടനകള്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക ആക്രമണങ്ങള്‍ അരങ്ങേറുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഹര്‍ത്താല്‍ മതതീവ്രവാദ ശക്തികള്‍ ഏറ്റെടുക്കുമെന്നും അതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നുമുള്ള നിര്‍ദേശം ഡിജിപിയ്ക്ക് കൈമാറിയിട്ടുണ്ട്.
ജില്ലാ തലത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ശേഖരിച്ച വിവരങ്ങള്‍ ക്രോഡീകരിച്ചായിരിക്കും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തിങ്കളാഴ്ച സംസ്ഥാനത്ത് പോലീസ് കൂടുതല്‍ കരുതലും സുരക്ഷയും ഒരുക്കണമെന്നുള്ള നിര്‍ദേശവും ഡിജിപിയ്ക്ക് ഇന്റലിജന്‍സ് കൈമാറുമെന്ന് ന്യൂസ് 18 കേരള റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പങ്കെടുത്തവരെ വെടിവെച്ച് കൊന്നതില്‍ പ്രതിഷേധിച്ചാണ് തിങ്കളാഴ്ച സംസ്ഥാനത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.
തിങ്കളാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്നും സംസ്ഥാനത്തു ബസുകള്‍ പതിവു പോലെ സര്‍വീസ് നടത്തുമെന്നും കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ അറിയിച്ചു.
Leave a Comment