അഭയ കേസ് വിചാരണയ്ക്ക് സ്റ്റേ ഇല്ല, ഹര്‍ജിയില്‍ വിശദമായ വാദം അടുത്തമാസം

കൊച്ചി: സിസ്റ്റര്‍ അഭയകേസില്‍ വിചാരണയ്ക്ക് സ്റ്റേ അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി. ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരും മൂന്നാം പ്രതി സിസ്റ്റര്‍ സെഫിയും തങ്ങളെ കേസില്‍ നിന്നും കുറ്റവിമുക്തരാക്കണം എന്നാവശ്യപ്പെട്ട് നല്‍കിയ വിടുതല്‍ ഹരജിയിലാണ് വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍, ഹരജിയില്‍ വിശദമായ വാദം അടുത്തമാസം ഒമ്പതാം തിയ്യതി കേള്‍ക്കുമെന്നും നിലവിലെ സാഹചര്യത്തില്‍ വിചാരണ സ്റ്റേ ചെയ്യാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മുന്‍പ് തിരുവനന്തപുരം സി.ബി.ഐ കോടതിയില്‍ സമാന ആവശ്യത്തിന് പ്രതികള്‍ വിടുതല്‍ ഹരജി നല്‍കിയെങ്കിലും തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരും ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നാളെയാണ് അഭയാകേസില്‍ വിചാരണ തുടങ്ങുന്നത്. 1992 മാര്‍ച്ച് രണ്ടിനായിരുന്നു കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ അഭയയുടെ മൃതദേഹം കോണ്‍വെന്റിലെ കിണറ്റില്‍ കണ്ടെത്തിയത്.

pathram desk 2:
Related Post
Leave a Comment