ജനമൈത്രിയല്ല… ‘ജന മൈ തെറി’ പോലീസ്…! അസഭ്യവര്‍ഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു, പുലിവാല് പിടിച്ച് എസ്.ഐ

കോട്ടയം: വാഹന പരിശോധനയ്ക്കിടെ ഹെല്‍മറ്റ് വയ്ക്കാത്തതിന് പിടികൂടിയ യുവാക്കള്‍ക്ക് നേരെ എസ്ഐയുടെ അസഭ്യവര്‍ഷം. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലെ എസ്ഐ മഞ്ജുനാഥാണ് യുവാക്കളെ കേട്ടാലറയ്ക്കുന്ന അസഭ്യവര്‍ഷത്തില്‍ മുക്കിയത്. വടക്കേക്കരയിലെ വാഹന പരിശോധന നടത്തുന്നതിനിടെ രണ്ടു ബൈക്കുകളില്‍ ഹെല്‍മറ്റ് ഇല്ലാതെ വന്ന യുവാക്കളെയാണ് എസ്‌ഐയും സംഘവും പിടികൂടിയത്.

പിടിച്ചെടുത്ത ബെക്കുകള്‍ ഇവരെ കൊണ്ടുതന്നെ ഈരാറ്റുപേട്ട സ്റ്റേഷനിലേക്ക് മാറ്റിച്ചു. സ്റ്റേഷനില്‍ വാഹനം കൊണ്ടുവന്ന് നിര്‍ത്തുന്നതിനിടെ പാര്‍ക്കിങ് ചെയ്തത് ശരിയല്ലെന്ന് ആരോപിച്ചാണ് എസ്ഐ തെറിവിളി ആരംഭിച്ചത്. ചൂണ്ടച്ചേരി സ്വദേശികളായ യുവാക്കളാണ് എസ്ഐയുടെ തെറിവിളിക്ക് ഇരകളായിരിക്കുന്നത്.

ഇതിനിടെ എസ്‌ഐയുടെ അസഭ്യവര്‍ഷം ഇവരിലൊരാള്‍ വീഡിയോയില്‍ പകര്‍ത്തുകയും പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ഇതോടെയാണ് സംഭവം വൈറലായത്. എസ്ഐയുടെ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

വാഹനങ്ങളില്‍ രേഖകളില്‍ ഇല്ലെങ്കില്‍പോലും ഹാജരാക്കാന്‍ സമയം അനുവദിച്ച് വണ്ടി വിട്ടുനല്‍കാനും ഹെല്‍മറ്റ് ഇല്ലാത്തതിന് പിഴയീടാക്കി വിടാനും ആണ് നിലവിലെ നിയമം അനുശാസിക്കുന്നത്. സംഭവം വിവാദമായതോടെ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.

pathram desk 1:
Leave a Comment