കൊച്ചി: മതം മാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കി കഴിഞ്ഞ ദിവസമാണ് വീണ്ടും വിവാഹിതയായ മലയാളികളുടെ പ്രിയ നടി മാതു. മലയാളത്തില്‍ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു മാതുവിന്റെ ആദ്യ വിവാഹം. പ്രണയവിവാഹമായിരുന്നു അത്. ഇതോടെ താരം സിനിമ വിട്ടു. എന്നാല്‍ വിവാഹത്തിന് മുമ്പ് തന്നെ മാതു ക്രിസ്തുമതം സ്വീകരിച്ച് മീന എന്ന പേര് സ്വീകരിച്ചിരുന്നു.
വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ ക്രിസ്തുമതം സ്വീകരിച്ചതെന്ന് നേരത്തെ തന്നെ മാതു വ്യക്തമാക്കിയിരുന്നതാണ്. വിവാഹത്തിന് വേണ്ടി നടി മാതം മാറിയെന്ന് വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴായിരുന്നു താരം അക്കാര്യം പറഞ്ഞത്.
‘നെടുമുടി വേണു ചേട്ടന് ആദ്യമായി സംവിധാനം ചെയ്ത ‘പൂര’ത്തിലാണ് മലയാളത്തില്‍ ആദ്യമായി അഭിനയിക്കുന്നത്. അന്നു ഭാഷ അറിയില്ലായിരുന്നു. ധൈര്യം തന്നു പ്രോത്സാഹിപ്പിച്ചത് വേണു ചേട്ടനാണ്. മാധവി എന്ന പേരു മാറ്റി മാതു എന്നാക്കിയതും അദ്ദേഹമാണ്. മാധവി എന്ന പ്രശസ്ത നടി ആ സമയത്ത് സജീവമായിരുന്നു. പിന്നീടാണ് ‘കുട്ടേട്ടന്.’ അതുകഴിഞ്ഞ് ‘അമരം.’ അപ്പോഴേക്കും ക്രിസ്തുമത വിശ്വാസം സ്വീകരിച്ചിരുന്നു” മാതു പറഞ്ഞു.
വിവാഹം കഴിക്കാനാണ് മതം മാറിയതെന്നത് തെറ്റാണ്. ‘അമര’ത്തില്‍ അഭിനയിക്കുന്ന കാലത്തേ ക്രിസ്തുവില്‍ വിശ്വസിച്ചുതുടങ്ങിയിരുന്നു. അതിനു പിന്നില്‍ വല്ലാതെ വിഷമിപ്പിച്ച ഒരു സംഭവമുണ്ട്. ‘കുട്ടേട്ട’നു ശേഷം എന്നെത്തേടി നല്ലൊരു റോളെത്തി, ‘പെരുന്തച്ചനി’ലെ കഥാപാത്രം. ഷൂട്ടിങ്ങിന് തയ്യാറായി ഇരിക്കുമ്പോഴാണ് എനിക്ക് വച്ചിരുന്ന റോളില്‍ മോനിഷ അഭിനയിച്ചുതുടങ്ങി എന്നറിഞ്ഞത്. വല്ലാത്ത ഡിപ്രഷനിലായി ഞാന്‍. വിഷമം സഹിക്കാനാകാതെ അമ്മ എന്നെയും കൂട്ടി സഹായമാതാ പള്ളിയിലേക്കു പോയി. മാതാവിനു മുന്നില്‍ ഞാന്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു- മാതു വിശദീകരിച്ചു.
വീട്ടിലെത്തി കിടന്നുറങ്ങിയ എന്നെത്തേടി ഒരു ഫോണ്‍കോളെത്തി, ‘അമര’ത്തില്‍ അഭിനയിക്കാനുള്ള ഓഫറായിരുന്നു അത്. ‘പെരുന്തച്ച’ന്റെ കാര്യമറിഞ്ഞ ആരോ പറ്റിക്കാന്‍ വിളിക്കുകയാണെന്നാണ് കരുതിയത്. ചെറിയ റോളില്‍ അഭിനയിക്കാന്‍ താല്പര്യമില്ല എന്നു പറഞ്ഞ് ഞാന്‍ ഫോണ്‍ കട്ടുചെയ്തു. പിന്നീട് അമ്മയാണ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. മമ്മൂട്ടിയുടെ മകളുടെ വേഷമാണെന്ന് അറിഞ്ഞപ്പോള്‍ വലിയ സന്തോഷമായി. അന്നുമുതല്‍ ഞാന്‍ ജീസസിന്റെ മകളാണ്. അച്ഛന്റെയും അമ്മയുടെയും പൂര്ണപിന്തുണയോടെ മതംമാറി, പേരും മാറ്റി. പക്ഷേ, അഭിനയിച്ച സിനിമകളുടെയെല്ലാം ടൈറ്റില്‍ കാര്‍ഡില്‍ മാതു എന്നു തന്നെയാണ് അടിച്ചിരുന്നത്. മക്കളെയും ആ വിശ്വാസപ്രകാരം വളര്‍ത്തുന്നു. മുടങ്ങാതെ പള്ളിയില്‍ പോകും. പ്രാര്‍ത്ഥനയാണ് എന്നെ തുണയ്ക്കുന്നതെന്നും മാതു നേരത്തെ വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ വിശദീകരിച്ചിരുന്നു.
ഡോ.ജേക്കബായിരുന്നു മാതുവിന്റെ ആദ്യ ഭര്‍ത്താവ്. ഇതില്‍ രണ്ട് മക്കളുണ്ട്. ജെയ്മിയും ലൂക്കും. വിവാഹ ശേഷം അമേരിക്കയിലേക്ക് പോയ മാതു അവിടെ ന്യൂയോര്‍ക്കിലെ അപ്പാര്‍ട്ട്മെന്റില്‍ ഡാന്‍സ് ക്ലാസ് തുടങ്ങുകയും ചെയ്തു. എന്നാല്‍ നാല് വര്‍ഷം മുമ്പ് ജേക്കബുമായി മാതു പിരിഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു മാതുവിന്റെ രണ്ടാം വിവാഹം. തമിഴ്നാട് സ്വദേശിയായ അന്‍പളകന്‍ ജോര്‍ജ് ആണ് വരന്.
Leave a Comment