‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍,വെട്ടും കൊലയും സാധാരണമാവും സ്വാഭാവികവും’ , ശുഹൈബിന്റെ കൊലപാതകത്തിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റിട്ട കെ.എസ്.യു നേതാവ് ജസ്ല മാടശ്ശേരിയ്ക്കെതിരെ തെറിവിളി

കോഴിക്കോട്: കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകവന്‍ ശുഹൈബിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കെ.എസ്.യു മലപ്പുറം ജില്ലാ വൈസ് പ്രസിഡന്‍റ് ജസ്‌ല മാടശ്ശേരി ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. ശുഹൈബിന്റെ രക്തസാക്ഷിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് ജസ്‌ലയുടേത് എന്ന് ആരോപിച്ച് പോസ്റ്റിനു താഴെ കോണ്‍ഗ്രസ് അണികള്‍ കമന്റുകളിലൂടെ പ്രതിഷേധിച്ചു.

‘രാഷ്ട്രീയം മുതലെടുപ്പിന്റേതാകുമ്പോള്‍, പരസ്പരം പണികൊടുക്കലിന്റേതാവുമ്പോള്‍, വെട്ടും കൊലയും സാധാരണമാവും. സ്വാഭാവികവും.’ എന്നാണ് ജസ്‌ല ഫേസ്ബുക്കില്‍ കുറിച്ചത്. ഇത് അനവസരത്തിലാണ് പോസ്റ്റ് ചെയ്തത് എന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം ശുഹൈബിന്റെ രക്തസാക്ഷിത്വം അനശ്വരമാണെന്നും സമൂഹ്യമാധ്യമത്തില്‍ ആ രക്തസാക്ഷിത്വത്തെ സംഘടനാ ഭാരവാഹിത്വത്തില്‍ ഇരുന്നുകൊണ്ട് ആര് അവഹേളിക്കാന്‍ ശ്രമിച്ചാലും നടപടിയുണ്ടാകുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് മുന്നറിയിപ്പ് നല്‍കി. ഫേസ്ബുക്കിലൂടെ തന്നെയാണ് അഭിജിത്ത് ഇക്കാര്യം അറിയിച്ചത്.

ജസ്‌ലയ്ക്കു നേരെ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ കുറവാണെങ്കിലും അതീവ വൈകാരികമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കമന്റ് ചെയ്തിരിക്കുന്നത്. പ്രതിഷേധം വ്യാപകമായതോടെ പോസ്റ്റിന് വിശദീകരണവുമായി ജസ്‌ല രംഗത്തെത്തി.

തന്റെ ആദ്യ പോസ്റ്റിനു വിശദീകരണമായി ജസ്‌ല എഴുതിയ രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രീയം എന്നാല്‍ ആദര്ശങ്ങളുടെ പോരാട്ടമാണ്, ആയുധങ്ങള്‍ എടുത്തുള്ള യുദ്ധമല്ല.
ശുഹൈബിന്റെ ചലനമറ്റ ശരീരം കണ്ട വേദനയില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തെ പോലും കുറെ നേരത്തേക്ക് വെറുത്തു പോയി.
മുതലെടുപ്പിന്റെ രാഷ്ട്രീയ ലോകത്ത് നടക്കുന്ന സാധാരണ സംഭവം മാത്രമായി കണ്ണൂരിലെ കൊലകള്‍ മാറിയിരിക്കുന്നു. എന്റെ പോസ്റ്റിലെ ഉദ്യേശ്യവും അതായിരുന്നു.
എന്നാല്‍ അതല്ല ഒട്ടേറെ പേര് വായിച്ചത് എന്നത് എന്റെ എഴുത്തിന്റെ പോരായ്മ തന്നെയാവാം..
അതല്ലെങ്കില്‍ നിങ്ങളുടെ വായനാ പിശക്..

ഒരു രാഷ്ട്രീയ ലാഭം പോലും ഇല്ലാതിരുന്നിട്ടും ഒട്ടേറെ സമര ഭൂമിയിലേക്ക് തനിച്ചു ഇറങ്ങുകയും അവരുടെ വേദനകള്‍ക്ക് ഒപ്പം നില്‍ക്കുകയും ചെയ്ത എന്നെ ഒരാളുടെ ക്രൂരമായ കൊലപാതകത്തെ ന്യായീകരിക്കുന്ന ഒരാളാക്കി മുദ്ര കുത്തുന്നത് വേദനിപ്പിക്കുന്നു.

പകരം എന്നെ കൊല്ലുക..,
കാത്തിരുന്ന ഒരവസരം കൈവന്നു എന്ന് തോന്നുമ്പോള്‍ ഒരു വാക്കിനെ ചൊല്ലി പ്രതികാരം ചെയ്യാന്‍ ആഹ്വാനം ചെയ്യുന്നവര്‍ തന്നെ പ്രതികാരത്തിന്റെ ഭാഷാന്തരം തീര്‍ക്കുക.
കുറെ പേരുടെ മനസ്സിലെ അഗ്‌നി പുകയുന്നത് KSU വിന്റെ രാഷ്ട്രീയത്തിന് വേണ്ടിയാണോ എന്ന് ചിന്തിക്കാന്‍ അവര്‍ തന്നെ വിചാരിക്കണം.
പിന്നെ വളച്ചൊടിച്ച് ഒരു ഹിഡ്ഡണ്‍ അജണ്ട നടപ്പിലാക്കുന്ന ഒരു 2% വരുന്ന സഹപ്രവര്‍ത്തകരോട് ഒരു ചെറു പുഞ്ചിരി.

ആരോടും പരിഭവമില്ല, മനുഷ്യനായിട്ടാണ് ജനിച്ചത്,
മനുഷ്യന്‍ ആയിട്ടാണ് ജീവിക്കുന്നത്,
മനുഷ്യനായി മരിക്കാനും തയ്യാറാണ്.
ഡിജിറ്റല്‍ കൊലയോ ഡിജിറ്റല്‍ അല്ലാത്ത കൊലയോ എന്ത് വേണമെങ്കിലും നല്‍കാം.
പക്ഷെ ഞാന്‍ ഒരാളുടെ ചോരക്കറ കണ്ടു സന്തോഷിച്ച ആളാണെന്നു മാത്രം പറയരുത്.
ഏറ്റവും ചുരുങ്ങിയത് എന്റെ സഹപ്രവര്‍ത്തകര്‍ എങ്കിലും.

pathram desk 2:
Leave a Comment