തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരന്തനിവാരണ ഫണ്ടുപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയെന്ന വിവാദം കൊഴുക്കുന്നു. അതേസമയം, ഹെലികോപ്ടര്‍ യാത്രയ്ക്കു ചെലവായ എട്ടുലക്ഷം രൂപ പാര്‍ട്ടി നല്‍കുമെന്ന് സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പണം നല്‍കാനുള്ള ശേഷി പാര്‍ട്ടിക്കുണ്ട്. ഇക്കാര്യം പാര്‍ട്ടി നോക്കിക്കോളുമെന്നും മന്ത്രി തിരുവനന്തപുരത്തു വ്യക്തമാക്കി.
അതേസമയം, മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്രയ്ക്കു ദുരിതാശ്വാസ നിധിയില്‍നിന്നു പണം അനുവദിച്ചതുമായി ബന്ധപ്പെട്ട് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനും ഏറ്റുമുട്ടി. സെക്രട്ടറിയോടു വിശദീകരണം ചോദിച്ചെന്നു മന്ത്രിയും ഇതേപ്പറ്റി അറിയില്ലെന്നു ക്ഷുഭിതനായി സെക്രട്ടറിയും പ്രതികരിച്ചു.
പണം നല്‍കാന്‍ ഉത്തരവിറക്കിയ കുര്യന്റെ നടപടി സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നു റവന്യൂമന്ത്രി കുറ്റപ്പെടുത്തി. താനറിയാതെ ഉത്തരവിറക്കിയതിനു കാരണം വിശദീകരിക്കാന്‍ മന്ത്രി കുര്യനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പിന്തുണയുള്ള കുര്യന്റെ നീക്കങ്ങളില്‍ മൂന്നാര്‍ വിവാദം മുതല്‍ മന്ത്രിക്കും സിപിഐയ്ക്കും കടുത്ത അതൃപ്തിയുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം ഉണ്ടായ നടപടി കുര്യനെ ചൊടിപ്പിച്ചു.
Leave a Comment