കൊച്ചി: പാര്‍വ്വതിയും പൃഥ്വിരാജും അഭിനയിക്കുന്ന മൈ സ്റ്റോറിയുടെ ആദ്യ ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഈ ഗാനത്തിന് യൂ ട്യൂബില്‍ ഡിസ് ലൈക്ക് അടിച്ചാണ് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം താരത്തോടുള്ള തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഈ സാഹചര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനത്തിന്റെ സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഷാനിന്റെ പ്രതികരണം.
‘എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല. നമ്മുെട ആളുകള്‍ പെട്ടെന്ന് വികാരധീനരാകുന്നവരാണ്. പെട്ടെന്ന് ദേഷ്യം വരും പെട്ടെന്ന് പിണങ്ങും, പ്രതികരിക്കും. പക്ഷേ ഒന്നു തോളില്‍ തട്ടി സംസാരിച്ചാല്‍ അത് മാഞ്ഞു പോകുപോകും. ഞാന്‍ ഒത്തിരി പ്രതീക്ഷയോടെ ചെയ്ത ഗാനമാണ്. അതിനോട് ഇത്തരത്തിലൊരു പ്രതികരണമുണ്ടാകുമ്പോള്‍ തീര്‍ച്ചയായും വിഷമം തോന്നും. ആദ്യമായിട്ടാണ് എന്റെ ഒരു പാട്ടിനോട് ആളുകള്‍ ഇങ്ങനെ പ്രതികരിക്കുന്നത്. അതും പുതുവര്‍ഷത്തിലെ ആദ്യ ഗാനത്തോട്. ഒത്തിരി സങ്കടമുണ്ട് അതുകൊണ്ട്. പാട്ട് നല്ലതാണെന്നൊരു വിശ്വാസം എനിക്കുണ്ട്. പാട്ടിനെ കുറിച്ച് പറഞ്ഞ് അഭിനന്ദിച്ചു കൊണ്ട് കുറേ സന്ദേശമെത്തിയിരുന്നു. അതുകൊണ്ട് പതിയെ ആണെങ്കിലും ദേഷ്യമൊക്കെ മാറ്റിവച്ച് പ്രേക്ഷകര്‍ ഈ ഗാനം ഏറ്റെടുക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.’ ഷാന്‍ പറയുന്നു.
എനിക്കു മാത്രമല്ല അതുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വിഷമമുണ്ട്. അത്രേയുള്ളൂ. അവരുടെ പ്രതികരണം എല്ലാവരേയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ സംവിധായികയും നിര്‍മാതാവുമായ റോഷ്നിയെ. സത്യത്തില്‍ എനിക്ക് അവരെ കുറിച്ച് ഓര്‍ത്താണ് ഏറെ വിഷമം. കാരണം, എനിക്ക് ഒരു സ്റ്റുഡിയോയിലോ റൂമിലോ ഇരുന്നു ഗാനം മാത്രം ചെയ്താല്‍ മതി. പക്ഷേ റോഷ്നിയുടെ കാര്യം അങ്ങനെയല്ല. അവര്‍ ഒരുപാട് കഷ്ടപ്പെട്ട് ആശിച്ചാണ് ഇത്തരത്തിലൊരു ചിത്രം ചെയ്യുന്നത്. ആ ചിത്രത്തിലെ ആദ്യ ഗാനത്തിനു തന്ന ഇത്തരത്തിലൊരു പ്രതികരണം ഉണ്ടാകുമ്പോള്‍ അവര്‍ക്കെത്രമാത്രം വിഷമമുണ്ടാകും എന്നെനിക്ക് അറിയാം. അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പാട്ടിനെ പാട്ടായിട്ടു മാത്രം കാണണം. പാട്ട് ഒരു അഭിനേത്രിയുടേതു മാത്രമല്ല, വിവാദങ്ങളുമായി ചേര്‍ത്തുവച്ച് അതിനെ സമീപിക്കരുത് എന്നൊന്നും ഞാന്‍ പറയുന്നതില്‍ അര്‍ഥമില്ല. അതില്‍ എന്തെങ്കിലും കാര്യമുണ്ട് എന്നു ഞാന്‍ കരുതുന്നുമില്ല. അതുകൊണ്ട് അങ്ങനെയൊരു നിലപാടുമായി ഞാന്‍ വരില്ല. നല്ല വിഷമമുണ്ട്. അത്രമാത്രം. പാട്ട് ഇഷ്ടമായി എന്നു ഞാന്‍ കരുതുന്നു. അതേ സമയം പാട്ടിന്റെ ഡിസ്ലൈക്കുകളുടെ എണ്ണം വല്ലാത്ത രീതിയിലാണ് മുന്നോട്ടു പോകുന്നത്. ഇനിയും അഞ്ചോ ആറോ ഗാനങ്ങള്‍ ഈ ചിത്രത്തില്‍ നിന്ന് വരാനുണ്ട്. എല്ലാം പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അവര്‍ക്കിഷ്ടമാകണം എന്ന ചിന്തയിലാണ് ഓരോ പാട്ടും ചെയ്യുന്നത്. അവരാണ് ഊര്‍ജവും പ്രതീക്ഷയുമെല്ലാം.
ബെന്നി ദയാലിനേയും മഞ്ജരിയേയും പാടിക്കണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു. വളരെ പ്രത്യേകതകളുള്ള സ്വരമാണ് അവരുടേത്. ഈ ചിത്രത്തിലെ ഗാനം എങ്ങനെയായിരിക്കണം എന്നതിനെ കുറിച്ച് സംവിധായക തന്നപ്പോള്‍ എനിക്ക് ഓര്‍മ വന്നത് ഇവരുെട സ്വരമാണ്. പാട്ടിന് ഒരു പാശ്ചാത്യ ശൈലിയാണെന്നു പറഞ്ഞിരുന്നു. പാട്ടിന് വളരെ ഊര്‍ജസ്വലമായൊരു മെയില്‍ വോയ്സും അതുപോലെ ശക്തമായൊരു ഫീമെയില്‍ വോയ്സും വേണമായിരുന്നു. അങ്ങനെയാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഷാന്‍ പറഞ്ഞു.
Leave a Comment