ഋഷഭിന് പകരം സഞ്ജു ?

മലയാളികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ആ തീരുമാനം ഉടന്‍ ഉണ്ടായേക്കും. ഋഷഭ് പന്തിനു പകരം സഞ്ജു സാംസണ്‍ കീപ്പറാകുമോ..? എന്തായാലും വ്യാഴാഴ്ച തന്നെ അറിയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ജോലിഭാരവും ശിഖര്‍ ധവാന്റെ മോശം ഫോമും വ്യാഴാഴ്ച നടക്കുന്ന ദേശീയ ടീം സിലക്ഷന്‍ കമ്മിറ്റിയില്‍ ചര്‍ച്ചയാകും. വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി20 മത്സരങ്ങള്‍ക്കുള്ള ടീമിനെയും നാളെ പ്രഖ്യാപിക്കും. ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദിന്റെ അധ്യക്ഷതയില്‍ നടക്കുന്ന അവസാന യോഗമായിരിക്കും വ്യാഴാഴ്ചത്തേത്.

നാലു വര്‍ഷം പൂര്‍ത്തിയായ സാഹചര്യത്തില്‍ എം.എസ്.കെ. പ്രസാദിനൊപ്പം സെന്‍ട്രല്‍ സോണ്‍ സിലക്ടര്‍ ഗഗന്‍ ഖോദയും സേവനം അവസാനിപ്പിക്കും. മൂന്നു മത്സരങ്ങളുള്ള ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയ്ക്കു വിശ്രമം അനുവദിക്കുമെന്നാണു വിവരം. അടുത്ത വര്‍ഷം നടക്കുന്ന ന്യൂസീലന്‍ഡ് പര്യടനത്തിനു മുമ്പ് രോഹിത് തിരിച്ചെത്തും.

വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും പരാജയമായ ഋഷഭ് പന്തിനെ ഇന്ത്യന്‍ ടീം ഇനിയും പരിഗണിക്കുമോയെന്നാണു മലയാളികളുള്‍പ്പെടെ ഉറ്റുനോക്കുന്നത്. പന്തിനു പകരക്കാരനായി മറ്റൊരാളെത്തുകയാണെങ്കില്‍ ആദ്യം പരിഗണിക്കുക സഞ്ജു വി. സാംസണെയായിരിക്കും. ട്വന്റി20 പരമ്പരയിലെ ഒരു മത്സരം തിരുവനന്തപുരത്തു നടക്കുന്നതിനാല്‍ സഞ്ജു കൂടി ടീമിലുണ്ടെങ്കില്‍ മലയാളികള്‍ക്ക് അത് ഇരട്ടിമധുരമാകും. ബംഗ്ലദേശിനെതിരായ ട്വന്റി20 ടീമില്‍ സഞ്ജു ഉണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.

സൈനിക സേവനം അവസാനിപ്പിച്ച് തിരിച്ചെത്തിയ സീനിയര്‍ താരം എം.എസ്. ധോണിയും പരിശീലനം ആരംഭിച്ചിട്ടുണ്ട്. പരുക്കിന്റെ പിടിയിലുള്ള ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, നവദീപ് സെയ്‌നി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ശിവം ദുബെ, ഷാര്‍ദൂല്‍ താക്കൂര്‍ തുടങ്ങിയവര്‍ ടീമില്‍ തുടരാനാണു സാധ്യത. മികച്ച ഫോമിലുള്ള യുസ്‌വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ടീമില്‍ തുടര്‍ന്നേക്കും.

pathram:
Leave a Comment