ആരാധകരെ ഞെട്ടിച്ച് ഹാഷിം അംല വിരമിക്കല്‍ പ്രഖ്യാപിച്ചു

ചേതോഹരമായ ഷോട്ടുകളിലൂടെയും സാങ്കേതികത്തികവാര്‍ന്ന ഇന്നിങ്സുകളിലൂടേയും ആരാധകരെ ത്രസിപ്പിക്കാന്‍ ഇനി ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ ഹാഷിം അംലയുണ്ടാകില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അംല വിരമിക്കല്‍ പ്രഖ്യാപിച്ചു. അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കാനിരിക്കെയാണ് അംലയുടെ അപ്രതീക്ഷിത തീരുമാനം.

ലോകകപ്പില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാന്‍ സാധിക്കാത്തതാണ് അംലയുടെ ഈ പെട്ടെന്നുള്ള തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. നിലവില്‍ ലോക ക്രിക്കറ്റിലെ എണ്ണപ്പെട്ട ബാറ്റ്സ്മാന്‍മാരില്‍ ഒരാളാണ് മുപ്പത്തിയാറുകാരനായ അംല. 15 വര്‍ഷം നീണ്ടു നിന്ന കരിയറില്‍ താരം മൂന്നു ഫോര്‍മാറ്റുകളിലായി 349 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 55 സെഞ്ചുറിയും 87 അര്‍ധ സെഞ്ചുറിയുമടക്കം 18553 റണ്‍സ് നേടി

‘ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ സന്തോഷകരമായ കരിയര്‍ സമ്മാനിച്ച ദൈവത്തിന് ആദ്യം നന്ദി പറയുന്നു. ഈ അവിസ്മരണീയ യാത്രയില്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചു. ഒട്ടേറെ സുഹൃത്തുക്കളെ സമ്പാദിച്ചു. ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും പങ്കുവെച്ചു.’ വിരമിക്കല്‍ പ്രഖ്യാപിച്ചുള്ള പ്രസ്താവനയില്‍ അംല ഇങ്ങനെ പറയുന്നു. എനിക്കു വേണ്ടി പ്രാര്‍ഥിക്കുകയും സ്നേഹവും പിന്തുണയും നല്‍കുകയും ചെയ്ത മാതാപിതാക്കള്‍ക്കും നന്ദി പറയുന്നു. ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ ഇത്രയും വര്‍ഷങ്ങള്‍ നീണ്ട കരിയറിന് എന്നെ പ്രാപ്തനാക്കിയത് അവരുടെ നിഴല്‍ പകര്‍ന്ന കരുത്താണ്. എന്റെ കുടുംബത്തിലെ മറ്റംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ടീമിലെ സഹതാരങ്ങള്‍ക്കും ഏജന്റിനും പരിശീലക സംഘത്തിനും നന്ദി അറിയിക്കുന്നു. അംല കൂട്ടിച്ചേര്‍ത്തു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ആഭ്യന്തര ക്രിക്കറ്റില്‍ അംല കളി തുടരും. 2004-ല്‍ കൊല്‍ക്കത്തയില്‍ ഇന്ത്യക്കെതിരെ ആയിരുന്നു അംലയുടെ അരങ്ങേറ്റം. ടെസ്റ്റില്‍ പ്രോട്ടിയേസിനായി 124 മത്സരങ്ങളില്‍ നിന്ന് 9282 റണ്‍സ് കണ്ടെത്തി. 28 സെഞ്ചുറിയും 41 ഫിഫ്റ്റിയുമുണ്ട്. പുറത്താകാതെ നേടിയ 311 റണ്‍സാണ് ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

181 ഏകദിനത്തില്‍ നിന്ന് 8113 റണ്‍സാണ് സമ്പാദ്യം. ഇതില്‍ 27 സെഞ്ചുറിയും 39 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 159 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 44 ട്വന്റി-20യില്‍ നിന്ന് 1277 റണ്‍സാണ് നേടിയത്. 2019 ലോകകപ്പിലായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജഴ്സിയില്‍ അംലയുടെ അവസാന മത്സരം. ആ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതിരേ പുറത്താകാതെ 80 റണ്‍സ് നേടി.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 2000, 3000, 4000, 5000, 6000, 7000 റണ്‍സ് പൂര്‍ത്തിയാക്കിയ റെക്കോഡ് അംലയുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരവും ടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ഏക ദക്ഷിണാഫ്രിക്കന്‍ താരവും അംലയാണ്. വളരെ വേഗത്തില്‍ 25 ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ താരവും അംലയാണ്.

pathram:
Related Post
Leave a Comment