ഹൈദരാബാദിന് തകര്‍പ്പന്‍ ജയം സമ്മാനിച്ച് വാര്‍ണര്‍ യാത്ര പറഞ്ഞു

സണ്‍റൈസേഴ്സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ഡേവിഡ് വാര്‍ണര്‍ ഐപിഎല്‍ ഈ സീസണിയില്‍നിന്നും വിടവാങ്ങി. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ 45 റണ്‍സിന്റെ ആധികാരിക ജയം സണ്‍റൈസേഴ്സ് നേടി. സണ്‍റൈസേഴ്സിന്റെ 212 റണ്‍സ് പിന്തുടര്‍ന്ന പഞ്ചാബിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 167 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. 79 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പോരാട്ടം പാഴായി. ബാറ്റിംഗില്‍ വാര്‍ണറുടെയും ബൗളിംഗില്‍ റഷീദ് ഖാന്റെയും ഖലീല്‍ അഹമ്മദിന്റെയും മികവാണ് സണ്‍റൈസേഴ്സിന് ആറാം ജയം സമ്മാനിച്ചത്.

മറുപടി ബാറ്റിംഗില്‍ പഞ്ചാബ് ഓപ്പണര്‍ ഗെയ്ലിനെ(4) തുടക്കത്തിലെ ഖലീല്‍ അഹമ്മദ് മടക്കി. സഹ ഓപ്പണര്‍ കെ എല്‍ രാഹുലും മായങ്കും രണ്ടാം വിക്കറ്റില്‍ അടിത്തറ പാകി. എന്നാല്‍ പിന്നീട് കണ്ടത് റഷീദ് ഖാന് ഷോ. ഒന്‍പതാം ഓവറിലെ നാലാം പന്തില്‍ മായങ്ക്(27) പുറത്ത്. 10 പന്തില്‍ 21 റണ്‍സെടുത്ത നിക്കോളസാവട്ടെ ഖലീലിന്റെ പന്തില്‍ ഭുവിയുടെ വണ്ടര്‍ ക്യാച്ചില്‍ കുടുങ്ങി. റഷീദിന്റെ 14-ാം ഓവറിലെ അവസാന രണ്ട് പന്തുകളില്‍ മില്ലറും(11) അശ്വിനും(0) പുറത്തായി. നാല് ഓവറില്‍ 21 റണ്‍സ് വിട്ടുകൊടുത്ത് റഷീദിന് മൂന്ന് വിക്കറ്റ്.

ഇതോടെ 71-2ല്‍ നിന്ന് 107 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് പഞ്ചാബ് പതിച്ചു. ലോകേഷ് രാഹുല്‍ 38 പന്തില്‍ അര്‍ദ്ധ സെഞ്ചുറിയിലെത്തി. സണ്‍റൈസേഴ്സ് ബൗളര്‍മാര്‍ പിടിമുറുക്കിയപ്പോള്‍ പഞ്ചാബിന് ജയിക്കാന്‍ അവസാന 30 പന്തില്‍ 90 റണ്‍സ് വേണമായിരുന്നു. 56 പന്തില്‍ 79 റണ്‍സെടുത്ത രാഹുലിനെ 19-ാം ഓവറില്‍ ഖലീല്‍ മടക്കിയതോടെ പഞ്ചാബിന് ലക്ഷ്യം വിദൂരമായി. സിമ്രാനും(16) മുജീബും(0) പുറത്തായപ്പോള്‍ മുരുകന്‍ അശ്വിനും(1) ഷമിയും(1) പുറത്താകാതെ നിന്നു. റഷീദും ഖലീലും മൂന്ന് വീതവും സന്ദീപ് രണ്ടും വിക്കറ്റും നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ ആറ് വിക്കറ്റിന് 212 റണ്‍സെടുത്തു. ഐപിഎല്‍ 12-ാം സീസണില്‍ തന്റെ അവസാന മത്സരം കളിച്ച ഡേവിഡ് വാര്‍ണറുടെ അര്‍ദ്ധ സെഞ്ചുറിയാണ്(56 പന്തില്‍ 81) സണ്‍റൈസേഴ്സിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. വാര്‍ണറും സാഹയും പവര്‍ പ്ലേയില്‍ 77 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഒന്നാം വിക്കറ്റില്‍ 78 റണ്‍സ് സഖ്യം. 13 പന്തില്‍ 28 റണ്‍സെടുത്ത് സാഹയാണ് ആദ്യം പുറത്തായത്.

അടിതുടര്‍ന്ന വാര്‍ണര്‍ 38 പന്തില്‍ സീസണിലെ ഒന്‍പതാം അര്‍ദ്ധ സെഞ്ചുറിയിലെത്തി. ഫോം തുടര്‍ന്ന മനീഷ് പാണ്ഡെ 25 പന്തില്‍ 36 റണ്‍സെടുത്തു. വാര്‍ണര്‍ പുറത്തായ ശേഷവും പിടിമുറുക്കാന്‍ പഞ്ചാബ് ബൗളര്‍മാര്‍ക്കായില്ല. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച വില്യംസണും(7 പന്തില്‍ 14) നബിയും(10 പന്തില്‍ 20) സണ്‍റൈസേഴ്സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. റഷീദ് ഖാന്‍(1), വിജയ് ശങ്കറും(7*), അഭിഷേക് ശര്‍മ്മ(5*) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സ്‌കോര്‍. പഞ്ചാബിനായി ഷമിയും ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

pathram:
Leave a Comment