ഹൈദരാബാദ്: ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമെന്ന റെക്കോര്‍ഡ് ഇനി മുംബൈ ഇന്ത്യന്‍സിന്റെ അല്‍സാരി ജോസഫിന് . ഐപിഎല്ലിലെ അരങ്ങേറ്റമത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്തറിഞ്ഞ പ്രകടനത്തിലൂടെയാണ് 22 കാരനായ അല്‍സാരി ജോസഫ് ഏറ്റവും മികച്ച ബൗളിംഗ് പ്രകടനത്തിന് ഉടമയായത്.
സണ്‍റൈസേഴ്‌സിനെതിരെ 3.4 ഓവര്‍ മാത്രം എറിഞ്ഞ അല്‍സാരി ജോസഫ് 12 റണ്‍സ് വഴങ്ങിയാണ് ആറ് വിക്കറ്റ് പിഴുതത്. ഡേവിഡ് വാര്‍ണര്‍, വിജയ് ശങ്കര്‍, ദീപക് ഹൂഡ. റഷീദ് ഖാന്‍, ഭുവനേശ്വര്‍കുമാര്‍, സിദ്ധാര്‍ഥ് കൗള്‍ എന്നിവരാണ് ജോസഫിന്റെ വേഗത്തിന് മുന്നില്‍ കീഴടങ്ങിയത്. ശ്രീലങ്കയിലെ ആഭ്യന്തര ടൂര്‍ണമെന്റ് കളിക്കാനായി മടങ്ങിയ ലസിത് മലിംഗയ്ക്ക് പകരക്കാരനായാണ് അല്‍സാരി ജോസഫ് മുംബൈയുടെ അന്തിമ ഇലവനിലെത്തിയത്.
പാക് താരങ്ങള്‍ കളിച്ച 2008ലെ ആദ്യ ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി പാക് താരം സൊഹൈല്‍ തന്‍വീര്‍ 14 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഇതുവരെ ഐപിഎല്ലിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം. 19 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത പൂനെയുടെ താരമായിരുന്ന ആദം സാംപയുടെ പേരിലാണ് ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനത്തിന്റെ റെക്കോര്‍ഡ്.
സണ്‍റൈസേഴ്‌സിനെതിരെ ഐപിഎല്ലിലെ തന്റെ ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഡേവിഡ് വാര്‍ണറെ വീഴ്ത്തിയാണ് ജോസഫ് വിക്കറ്റ് വേട്ട തുടങ്ങിയത്. രണ്ടാം ഓവറില്‍ വിജയ് ശങ്കറെയും മടക്കി ജോസഫ് സണ്‍റൈസേഴ്‌സിന് ഇരട്ടപ്രഹരമേല്‍പ്പിച്ചു. രണ്ടാം വരവിലായിരുന്നു ജോസഫിന്റെ ശേഷിക്കുന്ന നാലു വിക്കറ്റുകളും.
Leave a Comment