ലോകകപ്പ് ടീമില്‍ ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തണമെന്ന് പോണ്ടിംഗ്

ലോകകപ്പ് ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തിനെ ഇന്ത്യ ഉള്‍പ്പെടുത്തണമെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതായി റിക്കി പോണ്ടിംഗ്. ഐപിഎല്ലില്‍ റണ്‍സ് കണ്ടെത്തിയാല്‍ പന്തിന് ലോകകപ്പില്‍ അവസരം ലഭിക്കുമെന്ന് ഉറപ്പാണെന്ന് ഡല്‍ഹി കാപിറ്റല്‍സ് മുഖ്യ പരിശീലകനായ പോണ്ടിംഗ് വ്യക്തമാക്കി. ഏപ്രില്‍ 20നാണ് ലോകകപ്പിനുള്ള 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ പ്രഖ്യാപിക്കുന്നത്.

ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ വിക്കറ്റിന് പിന്നില്‍ കാര്യമായ പ്രകടനം പുറത്തെടുക്കാനാകാതെ പോയതാണ് ഋഷഭ് പന്തിന്റെ ലോകകപ്പ് മോഹങ്ങള്‍ക്ക് മങ്ങലേല്‍പിച്ചത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച ഫോമിലാണ് താരം. മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിനായി 27 പന്തില്‍ 78 റണ്‍സടിച്ച പന്ത് ഇതിനകം നാല് മത്സരങ്ങളില്‍ നിന്ന് 153 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്‍ 12ാം എഡിഷനില്‍ കാപിറ്റല്‍സിന്റെ പ്രതീക്ഷകളിലൊന്നായ പന്തിന്റെ ബാറ്റിംഗ് ശരാശരി 51 ആണ്.

ഋഷഭ് പന്തിന് ലോകകപ്പ് ടീമില്‍ അവസരം നല്‍കണമെന്ന് പോണ്ടിംഗ് നേരത്തെയും വാദിച്ചിരുന്നു. സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാനായി ടീമിലെടുത്ത് പന്തിന് നാലാം നമ്പറില്‍ അവസരം നല്‍കണമെന്നാണ് പോണ്ടിംഗ് അന്ന് പറഞ്ഞത്. ഇന്ത്യക്ക് ലോകകപ്പ് നേടിത്തരാന്‍ കഴിവുള്ള ‘എക്‌സ് ഫാക്ടര്‍’ ആണ് ഋഷഭ് പന്ത്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി മികവ് കാട്ടിയാല്‍ പന്തിന് ലോകകപ്പ് ടീമിലിടം ലഭിക്കുമെന്നുറപ്പാണെന്നും പോണ്ടിംഗ് വ്യക്തമാക്കിയിരുന്നു.

pathram:
Leave a Comment