അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ജയിച്ചേമതിയാവു..

അഡ്‌ലെയ്ഡ്: അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇന്ത്യ ആഗ്രഹിക്കുന്നില്ല. സിഡ്‌നിയിലെ പരാജയത്തോടെ മൂന്നു മല്‍സരങ്ങളുള്ള ഏകദിന പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0 ന് മുന്നിലാണ്. ഇന്ന് ജയിച്ചാല്‍ പരമ്പര അവര്‍ക്ക് സ്വന്തമാകും. അതിനാല്‍തന്നെ ഇന്ത്യയ്ക്ക് ഇത് ജീവന്‍ മരണ പോരാട്ടമാണ്.
ടിവി ഷോയിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്‌പെന്‍ഷനിലായ ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവം ഇന്ത്യന്‍ ടീമില്‍ പ്രകടമാണ്. പാണ്ഡ്യയെപ്പോലെ ഓള്‍റൗണ്ടറായ ഒരാളുടെ അഭാവം മധ്യനിരയെ ബാധിച്ചിട്ടുണ്ട്. മധ്യനിരയില്‍ പാണ്ഡ്യയെപ്പോലെ ഓള്‍റൗണ്ടറായ ഒരാളുണ്ടായിരുന്നെങ്കില്‍ സിഡ്‌നിയിലെ 34 റണ്‍സിന്റെ ഇന്ത്യന്‍ പരാജയം ഒരുപക്ഷേ ഒഴിവാക്കാമായിരുന്നു.
എംഎസ് ധോണിയുടെ ഫോമില്ലായ്മയും ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ട്. മധ്യ ഓവറുകളില്‍ പേസര്‍മാരെ നേരിടുന്നതില്‍ ധോണി പരാജയപ്പെടുകയാണ്. സിഡ്‌നിയില്‍ 96 ബോളില്‍നിന്നാണ് ധോണി 51 റണ്‍സെടുത്തത്. സ്‌െ്രെടക്ക് കൈമാറുന്നതില്‍ ധോണി പരാജയപ്പെട്ടത് നായകന്‍ വിരാട് കോഹ്‌ലിക്കും കോച്ച് രവി ശാസ്ത്രിക്കും അമര്‍ഷമുണ്ടാക്കിയിട്ടുണ്ട്.
ബാറ്റിങ് ഓര്‍ഡറില്‍ അഞ്ചാം സ്ഥാനത്താണ് ധോണി. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറയുന്നത് ധോണിയെ നാലാമനായി ഇറക്കണമെന്നാണ്. എന്നാല്‍ അഡ്‌ലെയ്ഡ് ഏകദിനത്തില്‍ ഇന്ത്യന്‍ നിരയിലെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കോഹ്‌ലി എന്നിങ്ങനെയാണ് ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍. ഇവര്‍ മൂന്നുപേരും 2016 മുതല്‍ മികച്ച സ്‌കോറാണ് പടുത്തുയര്‍ത്തുന്നത്.
ഏകദിനത്തില്‍ നാലാം നമ്പറായി ധോണി ഇറങ്ങിയത് വളരെ ചുരുക്കം മത്സരങ്ങളില്‍ മാത്രമാണ്. നാലാം നമ്പറില്‍ ധോണിയുടെ ബാറ്റിങ് ശരാശരി 52.95 ആണ്. ധോണിയുടെ കരിയര്‍ ആവറേജിനെക്കാള്‍ മുകളിലാണ് ഇത്. കരിയറില്‍ 333 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ധോണിയുടെ ശരാശരി 50.11 ആണ്. അഞ്ചാമനായും ആറാമനായും ഇറങ്ങിയ സമയത്തെക്കാള്‍ മുകളിലാണ് നാലാം സ്ഥാനത്തെ ധോണിയുടെ ശരാശരി. നാലാം നമ്പറിലെ ധോണിയുടെ ശരാശരി 50.70 ആണ്. ആറാം നമ്പറില്‍ 46.33 ആണ്.
അതേസമയം, നാലാം നമ്പറിലെ ധോണിയുടെ കരിയര്‍ സ്‌െ്രെടക്ക് റേറ്റ് 94.21 ആണ്. ധോണിയുടെ ഓവര്‍ഓള്‍ കരിയര്‍ സ്‌െ്രെടക്ക് റേറ്റായ 87.60 നെക്കാള്‍ വളരെ കൂടുതലാണിത്. നമ്പര്‍ അഞ്ചില്‍ 86.08 ഉം ആറില്‍ 83.23 ആണ് ധോണിയുടെ കരിയര്‍ സ്‌െ്രെടക്ക് റേറ്റ് ആവറേജ്.
2016 ജനുവരിയില്‍ ഓസ്‌ട്രേലിയയില്‍ നടന്ന രണ്ടു ഏകദിനങ്ങളില്‍ ധോണി നാലാമനായാണ് ഇറങ്ങിയത്. പക്ഷേ ധോണി നേടിയത് വെറും 18 റണ്‍സാണ്. അതിനുശേഷം എട്ടു ഏകദിനങ്ങളില്‍ മാത്രമാണ് ധോണി നാലാമനായി ഇറങ്ങിയത്. 2018 ലെ ഏഷ്യ കപ്പിലായിരുന്നു അവസാനമായി നാലാമനായി ഇറങ്ങിയത്. ധോണിയുടെ ഫോമിനെക്കുറിച്ച് വിലയിരുത്തിയാല്‍ അഡ്‌ലെയ്ഡില്‍ ധോണി നാലാമനായി ഇറങ്ങാന്‍ സാധ്യത കുറവാണ്.

pathram:
Leave a Comment