പെര്‍ത്ത് ടെസ്റ്റ് : നിലയുറപ്പിച്ച് ഓസീസ് ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സ്

പെര്‍ത്ത്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ 26 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 66 റണ്‍സുമായി ഓസീസ്. 36 റണ്‍സുമായി മാര്‍ക്കസ് ഹാരിസും 28 റണ്‍സുമായി ആരോണ്‍ ഫിഞ്ചുമാണ് ക്രീസില്‍. അതേസമയം ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെയാണ് ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങിയിരിക്കുന്നത്. പരിക്കേറ്റ അശ്വിന് പകരം ഉമേഷ് യാദവ് ടീമിലെത്തി.
ചരിത്രത്തില്‍ ഇത് മൂന്നാം തവണ മാത്രമാണ് ഒരു സ്പെഷലിസ്റ്റ് സ്പിന്നര്‍ പോലും ഇല്ലാതെ ഇന്ത്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. സ്പിന്നറെ കൂടാതെ ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന രണ്ടാമത്തെ ടെസ്റ്റുമാണിത്. നേരത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ജൊഹാനസ്ബര്‍ ടെസ്റ്റിലും ഇന്ത്യ സ്പിന്നറെ കൂടാതെയാണ് ഇറങ്ങിയത്.
ഇഷാന്ത് ശര്‍മ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്കൊപ്പം ഉമേഷ് യാദവും പേസ് നിരയിലെത്തി. ഭുവനേശ്വറിന് ഇത്തവണയും അവസരം ലഭിച്ചില്ല.
അതേസമയം രാവിലെ പിച്ചില്‍ നിന്ന് കാര്യമായ സംഭാവനകളൊന്നും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ലഭിച്ചില്ല. ഒമ്പത് ഓവര്‍ എറിഞ്ഞ ബുംറയ്ക്കും ഏഴ് ഓവര്‍ എറിഞ്ഞ ഇഷാന്തിനും ഓസീസ് ഓപ്പണര്‍മാരെ കാര്യമായി പരീക്ഷിക്കാനായില്ല. പിച്ചിന്റെ സ്വഭാവം മനസിലാക്കാന്‍ പതിയെയാണ് ഓസീസ് ഓപ്പണര്‍മാര്‍ സ്‌കോറിങ് തുടങ്ങിയത്. 81 പന്തുകള്‍ നേരിട്ട ഫിഞ്ച് മൂന്ന് ബൗണ്ടറികള്‍ മാത്രമാണ് നേടിയത്.

pathram:
Leave a Comment