ക്രിക്കറ്റില്‍ ടോസിടാന്‍ ഇനി നാണയങ്ങള്‍ക്ക് പകരം ബാറ്റ്… പുതിയ പരീക്ഷണവുമായി ബിഗ് ബാഷ് ലീഗ്

മെല്‍ബണ്‍: ക്രിക്കറ്റില്‍ ടോസിടാന്‍ പുതിയ പരീക്ഷണം. നാണയങ്ങള്‍ക്ക് പകരം ബാറ്റ് ഉപയോഗിച്ച് ടോസ് ഇട്ടാല്‍ എങ്ങനെയിരിക്കും. ഓസ്‌ട്രേലിയന്‍ ട്വന്റി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് പുതിയ പരീക്ഷണം നടപ്പിലാക്കുന്നത്. ബീച്ച് ക്രിക്കറ്റില്‍ സാധാരാണമായ രീതിയാണ് ബാറ്റ് ഉപയോഗിച് ടോസിടുക എന്നത്. ഇതാണിപ്പോള്‍ ബിഗ് ബാഷിലും കൊണ്ടുവരുന്നത്. ബീച്ച് ക്രിക്കറ്റില്‍ കളിക്കുന്ന ബാറ്റ് തന്നെയാണ് ടോസിടാനും ഉപയോഗിക്കുകയെങ്കിലും ബിഗ് ബാഷില്‍ പ്രത്യേകം രൂപകല്‍പന ചെയ്ത ബാറ്റാണ് ടോസിടാന്‍ ഉപയോഗിക്കുന്നത്.
ഇരു ടീമുകള്‍ക്കും ടോസ് നേടാന്‍ തുല്യസാധ്യത നല്‍കുന്ന രീതിയിലാണ് ബാറ്റിന്റെ നിര്‍മാണം. നാണയം പോലെ കറക്കി ഇടുമ്പോള്‍ ബാറ്റിന്റെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗമോ നിരപ്പായ ഭാഗമോ ഏതാണ് വരുന്നത് എന്നതനുസരിച്ചാണ് ടോസ് നിര്‍ണയിക്കുക. ഡിസംബര്‍ 19നാണ് ബാറ്റ് കൊണ്ടുള്ള ടോസിന്റെ ആദ്യ പരീക്ഷണം. ബ്രിസ്‌ബേന്‍ ഹീറ്റിന്റെ നായകനായ ക്രിസ് ലിന്നായിരിക്കും ബാറ്റുകൊണ്ടുള്ള ആദ്യ ടോസിടുന്ന നായകന്‍.
നാണയമുപയോഗിച്ചുള്ള ടോസ് രീതി പരിഷ്‌കരിക്കണമെന്ന് ഐസിസി തന്നെ ആലോചിച്ചിരുന്നു. നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം ലഭിക്കാതിരിക്കാനായി എതിര്‍ ടീമിന് ബാറ്റിംഗോ ബൗളിംഗോ തെരഞ്ഞെടുക്കാന്‍ അവസരം നല്‍കുന്ന രീതിയായിരുന്നു ഐസിസി ആലോചിച്ചത്.

pathram:
Leave a Comment