പന്തു ചുരണ്ടല്‍ വിവാദം;ശിക്ഷ ഇളവു ചെയ്യില്ല, സ്മിത്തും വാര്‍ണറും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കില്ല

സിഡ്‌നി: സ്മിത്തിനും വാര്‍ണറിനും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കില്ല. പന്തു ചുരണ്ടല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ കാമറണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കുമേല്‍ ചുമത്തിയ ശിക്ഷ ഇളവു ചെയ്യേണ്ടതില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ തീരുമാനിച്ചു. ഇതോടെ ഇന്ത്യയ്‌ക്കെതിരായ പരമ്പയില്‍ ഇവര്‍ക്ക് കളിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇവര്‍ക്കെതിരായ ശിക്ഷ കടുത്തുപോയതായി പൊതുവെ അഭിപ്രായമുയര്‍ന്ന സാഹചര്യത്തില്‍ വിലക്കു വെട്ടിക്കുറച്ചേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. എന്നാല്‍ ശിക്ഷയിളവു ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയതോടെ സ്മിത്തിനും വാര്‍ണറിനും ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ കളിക്കാനാകില്ല. പന്തു ചുരണ്ടല്‍ വിവാദത്തിനു പിന്നാലെ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്ക് ക്രിക്കറ്റില്‍നിന്ന് 12 മാസത്തെ വിലക്കും കാമറണ്‍ ബാന്‍ക്രോഫ്റ്റിന് ഒന്‍പതു മാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്നത്. സ്മിത്തിന്റെയും വാര്‍ണറിന്റെയും ശിക്ഷാ കാലാവധി 2019 മാര്‍ച്ചില്‍ മാത്രമേ അവസാനിക്കൂ. ബാന്‍ക്രോഫ്റ്റിന്റെ വിലക്ക് അടുത്ത മാസം അവസാനിക്കും.
ഇവര്‍ക്കെതിരായ വിലക്കിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ പ്രകടനവും മോശമായിരുന്നു. പന്തു ചുരണ്ടല്‍ വിവാദത്തില്‍ ഡാരന്‍ ലേമാന്‍ പരിശീലക സ്ഥാനമൊഴിഞ്ഞതോടെ പകരമെത്തിയ ജസ്റ്റിന്‍ ലാംഗറിനു കീഴില്‍ 21 മല്‍സരങ്ങള്‍ കളിച്ചതില്‍ അഞ്ചെണ്ണം മാത്രമേ ഓസീസ് ജയിച്ചിട്ടുള്ളൂ. ഇതില്‍ മൂന്നെണ്ണം സിംബാബ്‌വെയ്ക്കും യുഎഇയ്ക്കുമെതിരെ ആയിരുന്നു.
ടീമിന്റെ പ്രകടനം തീര്‍ത്തും ദയനീയമായി തുടരുകയും താരങ്ങളുടെ ശിക്ഷ ഇളവു ചെയ്യാന്‍ കളിക്കാരുടെ സംഘടന സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിലക്കു ലഘൂകരിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയാറായേക്കുമെന്നായിരുന്നു അഭ്യൂഹം.
വിലക്കു കുറയ്ക്കുന്നതിനെക്കുറിച്ച് നടക്കുന്ന ചര്‍ച്ചകള്‍ അനാവശ്യമാണെന്നും ഇത് മൂന്നു താരങ്ങളിലും അനാവശ്യ സമ്മര്‍ദ്ദം നിറയ്ക്കുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ ചൂണ്ടിക്കാട്ടി. ഏര്‍പ്പെടുത്തിയ ശിക്ഷ മൂന്നു താരങ്ങളും സ്വീകരിച്ചിട്ടുള്ളതാണ്. അതില്‍ എന്തെങ്കിലും ഇളവു ചെയ്യുന്ന കാര്യം പരിഗണനയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി.

pathram:
Related Post
Leave a Comment