ചെസ് ‘രാജാവ്’ വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു; തൃശൂര്‍ സ്വദേശിയാണ് നിഹാല്‍ സരിന് അപൂര്‍വ്വ നേട്ടം

കൊല്‍ക്കത്ത: റാപ്പിഡ് ചെസ് ‘രാജാവ്’ വിശ്വനാഥന്‍ ആനന്ദിനെ 14കാരന്‍ സമനിലയില്‍ തളച്ചു. ‘സുപ്രസിദ്ധ ചെസ് പയ്യന്‍’ !നിഹാല്‍ സരിന്‍ ആണ് ആനന്ദിനെതിരെ സമനില പിടിച്ചത്. കൊല്‍ക്കത്തയില്‍ നടക്കുന്ന ടാറ്റാ സ്റ്റീല്‍ രാജ്യാന്തര റാപിഡ് ചെസ് മല്‍സരത്തിന്റെ എട്ടാം റൗണ്ടിലാണു നിഹാല്‍ സരിന്‍, വിശ്വനാഥന്‍ ആനന്ദിനെ സമനിലയില്‍ പിടിച്ചത്. ഇതോടെ, 14–ാം വയസില്‍ നിഹാല്‍ സരിനു ചെസ് ബോര്‍ഡില്‍ വീണ്ടും അപൂര്‍വനേട്ടം. എട്ടുകളിയില്‍ ആറെണ്ണത്തിലും സമനില പിടിച്ച നിഹാല്‍ പിടികൂടിയതെല്ലാം വമ്പന്‍ ലോകതാരങ്ങളെയാണ്. റാപിഡ് ചെസിലെ മുന്‍ ലോകചാംപ്യന്‍ ആനന്ദിനെക്കൂടാതെ കഴിഞ്ഞ വര്‍ഷത്തെ ലോകചാംപ്യന്‍ഷിപ്പില്‍ റണ്ണര്‍ അപ് ആയ സെര്‍ജി കറിയാക്കിന്‍, നിലവിലെ ലോക മൂന്നാം നമ്പര്‍ താരം മാമദ്യെറോവ്, ലോക 25–-ാം നമ്പര്‍ ഹരികൃഷ്ണ, 44–-ാം നമ്പര്‍ താരം വിദിത് ഗുജറാത്തി എന്നിവരെയൊക്കെ മികച്ചപ്രകടനത്തിലൂടെ നിഹാല്‍ സമനിലയില്‍ പിടിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കല്‍ കോളജിലെ അസിസ്റ്റന്റ് പ്രഫസര്‍ അയ്യന്തോള്‍ ശ്രുതിയില്‍ ഡോ. എ.സരിന്റെയും സൈക്യാട്രിസ്റ്റ് ഡോ. ഷിജിന്‍ എ. ഉമ്മറിന്റെയും മകനായ നിഹാല്‍ കുറച്ചുനാള്‍ മുന്‍പ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയിരുന്നു. ഇന്ത്യയുടെ അന്‍പത്തിമൂന്നാം ഗ്രാന്‍ഡ്മാസ്റ്ററാണു നിഹാല്‍. ലോക യൂത്ത് ചെസ് ഒളിംപ്യാഡില്‍ സ്വര്‍ണം കൊയ്ത നിഹാല്‍ അണ്ടര്‍ 14 ലോക ഒന്നാം നമ്പര്‍ താരമായിരുന്നുനിഹാല്‍ സരിന്റെ മികവ് അറിയാവുന്ന ആനന്ദ് മികച്ചൊരു പോരാട്ടം പ്രതീക്ഷിച്ചു തന്നെയാണു കളിച്ചതെന്നു നിഹാലിന്റെ മാനേജര്‍ പ്രിയദര്‍ശന്‍ ബന്‍ജാന്‍ പറഞ്ഞു. വെള്ളക്കരുവില്‍ കളിച്ചതിന്റെ ആനുകൂല്യം ഉപയോഗിച്ചുള്ള മുന്നേറ്റമായിരുന്നു നിഹാലിന്റേത്. സമനിലയില്‍ പതറാതെ ഇരുവരും കളി വിശകലനം ചെയ്തു പിരിഞ്ഞു. മല്‍സരത്തിനു പുറപ്പെടും മുന്‍പ് ആനന്ദ് ട്വീറ്റ് ചെയ്തിരുന്നു: ” മനസില്‍ പ്രിയമേറിയ ചെസ് ഓര്‍മകള്‍ നിറയ്ക്കുന്ന കൊല്‍ക്കത്തയിലേക്കു പോവുകയാണ്”. മടങ്ങിപ്പോകുമ്പോള്‍ കൊല്‍ക്കത്തയിലെ അത്ര പ്രിയതരമല്ലാത്ത ഓര്‍മയാണ് ആനന്ദിന്, നിഹാല്‍ സരിന്‍!

pathram:
Leave a Comment