ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കു ജയിക്കാന്‍ വേണ്ടത് 153 റണ്‍സ്

കൊളംബോ: നിദഹാസ് ത്രിരാഷ്ട്ര ട്വന്റി20 പരന്പരയിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് 153 റണ്‍സ് വിജയലക്ഷ്യം. മഴമൂലം 19 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത് ശ്രീലങ്ക ഒന്പതു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സ് നേടി. അര്‍ധസെഞ്ചുറി നേടിയ കുശാല്‍ മെന്‍ഡിസിന്റെ പ്രകടനമാണ് ലങ്കയ്ക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കായി ശര്‍ദുള്‍ താക്കുര്‍ 26 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ 15 റണ്‍സുമായി ലങ്ക കത്തിക്കയറിയെങ്കിലും മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ഗുണതിലകെ(17) വീണു. പിന്നാലെ, കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ ലങ്കയുടെ ഹീറോ കുശാല്‍ പെരേര മൂന്നു റണ്‍സ് നേടി വാഷിംഗ്ടണ്‍ സുന്ദറിന് ഇരയായി.

ഇതിനുശേഷം ഒത്തുചേര്‍ന്ന കുശാല്‍ മെന്‍ഡിസ്-ഉപുല്‍ തരംഗ സഖ്യം ലങ്കന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുനയിച്ചു. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 62 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തരംഗ(22) വിജയ് ശങ്കറിന്റെ പന്തില്‍ ബൗള്‍ഡായി. ഇതിനുശേഷം ലങ്കന്‍ ബാറ്റിംഗ് നിര തകര്‍ന്നു. സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മെന്‍ഡിസ്(38 പന്തില്‍ 55) വീണു. തിസാര പെരേര(15), ഷനക(19) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍.

pathram desk 2:
Leave a Comment