കോണ്‍ഗ്രിസുമായുള്ള സഖ്യത്തിന് താന്‍ എതിര്, വോട്ടുപിടിക്കാന്‍ ഇറങ്ങില്ലെന്നും മുലായം

ലക്‌നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി കോണ്‍ഗ്രസ് സഖ്യത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്ന് മുലായം സിങ് യാദവ്. ഒറ്റയ്ക്ക് മത്സരിച്ച് വിജയിക്കാന്‍ പാര്‍ട്ടിക്കു പ്രാപ്തിയുണ്ടെന്നും കോണ്‍ഗ്രസുമായുള്ള സഖ്യത്തിന് താന്‍ എതിരാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ലക്‌നൗവില്‍ സംയുക്തമായി റാലി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുലായത്തിന്റെ പ്രസ്താവന വന്നത്. ഉത്തര്‍പ്രദേശില്‍ എസ്പികോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രചാരണത്തിന് മുലായം സിങ് യാദവ് നേതൃത്വം വഹിക്കുമെന്നായിരുന്നു അഖിലേഷ് യാദവ് പറഞ്ഞിരുന്നത്.
യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും കോണ്‍ഗ്രസ് 105 സീറ്റിലുമാണ് മല്‍സരിക്കുന്നത്. ഇതിനോടുള്ള എതിര്‍പ്പാണ് മുലായം പ്രകടിപ്പിച്ചതെന്നാണ് സൂചന. മുലായത്തിന്റെ ആവശ്യപ്രകാരം അദ്ദേഹത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന് മല്‍സരിക്കാന്‍ അഖിലേഷ് സീറ്റു നല്‍കിയെങ്കിലും സ്വന്തം മണ്ഡലത്തിനു പുറത്ത് പ്രചാരണത്തിന് ഇറങ്ങേണ്ടതില്ലെന്ന് നിലപാടെടുത്തതും മുലായത്തെ ചൊടിപ്പിച്ചുവെന്നാണ് സൂചന.

SHARE