നെറ്റ്ഫ്ലിക്സിലും തരംഗമായി ദുൽഖർ സൽമാൻ ചിത്രം; ആഗോള തലത്തിൽ ട്രെൻഡിങ്ങായി ലക്കി ഭാസ്കർ

ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ഒടിടി റിലീസായി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചത്. അതിനു മുൻപായി തീയേറ്ററുകളിൽ ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ചിത്രം ആഗോള തലത്തിൽ 110 കോടിയോളമാണ് ഗ്രോസ് നേടിയത്. ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിലും ആഗോള തലത്തിൽ ട്രെൻഡിങ് ആയിരിക്കുകയാണ് ലക്കി ഭാസ്കർ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഖത്തർ, ഒമാൻ എന്നിവിടങ്ങളിൽ നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ ഒന്നാമതായി ട്രെൻഡ് ചെയ്യുന്ന ചിത്രം, സിംഗപ്പൂർ, പാകിസ്ഥാൻ, ബഹ്‌റൈൻ, മാലിദ്വീപ്, കുവൈറ്റ് എന്നിവിടങ്ങളിലും ട്രെൻഡിങ്ങിൽ ആദ്യ പത്തിൽ ഇടം നേടിയിട്ടുണ്ട്. തീയേറ്ററുകളിൽ പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്ററായ ചിത്രത്തിന് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലും അഭൂതപൂർവമായ സ്വീകരണമാണ് ആഗോള തലത്തിലുള്ള പ്രേക്ഷകർ നൽകുന്നത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യുന്നത്.

തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ തീയേറ്ററിൽ റിലീസ് ചെയ്ത ചിത്രം ദുൽഖർ സൽമാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറി. അദ്ദേഹത്തിന്റെ ആദ്യ നൂറ് കോടി ചിത്രവുമാണ് ലക്കി ഭാസ്കർ. ബോക്സ് ഓഫീസ് പ്രകടനത്തിന് പുറമെ ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമായുള്ള തന്റെ ഗംഭീര പ്രകടനം കൊണ്ടും ദുൽഖർ സൽമാൻ പ്രേക്ഷക- നിരൂപക പ്രശംസ നേടിയിരുന്നു. ഒടിടി റിലീസിന് ശേഷവും സോഷ്യൽ മീഡിയയിൽ ദുൽഖർ സൽമാനും ലക്കി ഭാസ്കറും നിറഞ്ഞു നിൽക്കുകയാണ്. ഒരു പീരീഡ് ഡ്രാമ ത്രില്ലറായി ഒരുക്കിയ ചിത്രം, 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിലാണ് കഥ പറയുന്നത്.

വെങ്കി അറ്റ്ലൂരി രചിച്ച് സംവിധാനം ചെയ്ത ചിത്രം കേരളത്തിലും ഗൾഫിലും തീയേറ്ററുകളിൽ എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആയിരുന്നു. മീനാക്ഷി ചൗധരി നായികാ വേഷം ചെയ്ത ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് നിർമ്മിച്ചത്. അവതരണം ശ്രീകര സ്റ്റുഡിയോസ്. ചിത്രത്തിന് വേണ്ടി ജി വി പ്രകാശ് കുമാർ ഒരുക്കിയ മികച്ച സംഗീതത്തിനും നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾക്കും ഒടിടി റിലീസിന് ശേഷം വലിയ പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7