മഞ്ഞുമ്മൽ ബോയ്‌സിനായി നിർമാതാക്കൾ സ്വന്തം കീശയിൽ നിന്നും ഒരു രൂപ പോലും ചിലവാക്കിയിട്ടില്ല, പലരായി പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചത് 28 കോടി രൂപ, ചിലവ് 19 കോടിയിൽ താഴെ, സിറാജ് ഹമീദ് മുടക്കിയത് ഏഴ് കോടി രൂപ

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സിനിമയ്ക്കായി നിർമ്മാതാക്കൾ സ്വന്തം കീശയിൽ നിന്ന് ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസിന്റെ കണ്ടെത്തൽ. നിരവധിപേർ ചേർന്ന് 28 കോടി രൂപ പറവ ഫിലിംസിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കുകയായിരുന്നു. നടൻ സൗബിൻ ഷാഹിർ അടക്കമുള്ള പറവ ഫിലിംസ് ഉടമകൾക്കെതിരായ വഞ്ചന കേസിലാണ് കണ്ടെത്തൽ. മാത്രമല്ല, ആകെ സിനിമയ്ക്ക് ചെലവായത് 19 കോടിക്ക് താഴെയെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു.

മഞ്ഞുമ്മൽ ബോയ്‌സിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസിന്റെ മറ്റ് ഉടമകളും ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തിയത് സിനിമ നിർമാണത്തിന്റെ ജിഎസ്ടിയിൽ നിന്നാണ്. ഡ്രീം ബിഗ് ഫിലിംസ് ഉടമ സുജിത്തിനെതിരെയും പോലീസ് റിപ്പോർട്ടിൽ പരാമർശമുണ്ട്. സിനിമയുടെ റിലീസിന്റെ സമയത്ത് പ്രതിസന്ധിയുണ്ടായപ്പോൾ സുജിത്ത് 11 കോടി രൂപ കൈമാറിയതായും റിപ്പോർട്ടിൽ പറയുന്നു.

അതോടൊപ്പം സിനിമയുടെ ആദ്യത്തെ മുടക്കുമുതലായ 7 കോടി നൽകിയത് സിറാജ് ഹമീദ് എന്ന വ്യക്തിയാണ്. സിനിമയുടെ 40 ശതമാനം ലാഭവിഹിതം നൽകാമെന്ന കരാറിലായിരുന്നു ഇത്. എന്നാൽ ആ കരാർ പിന്നീട് പാലിച്ചില്ല. സിറാജ്പിന്നീട് പോലീസിനെ സമീപിക്കുകയും കേസാക്കുകയുമായിരുന്നു ചെയ്തത്.

ചിത്രത്തിന്റെ നിർമാതാക്കളായ പറവ ഫിലിംസുമായി ബന്ധപ്പെട്ടവർ ലാഭവിഹിതമോ, മുടക്കുമുതലോ നൽകാതെ ചതിച്ചെന്നായിരുന്നു സിറാജ് പരാതിയിൽ പറഞ്ഞിരുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുതരമായ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു പോലീസ് കണ്ടെത്തിയത്. ഈ റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പോലീസ് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് ആദായനികുതി വകുപ്പിന്റെയും ഇ.ഡിയുടെയും അന്വേഷണമുണ്ടായത്. ഇതിന്റെ ഭാഗമായി പറവ ഫിലിംസിന്റെ ഓഫീസിലും സൗബിൻ ഉൾപ്പെടെയുള്ളവരുടെ വീട്ടിലും രണ്ടു ദിവസം റെയ്ഡ് നടന്നിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7