കൽപ്പറ്റ: സഹോദരന്റെ കൈപിടിച്ചെത്തിയ പ്രിയങ്കാ ഗാന്ധിയെ ചേർത്തുപിടിച്ച് വയനാട്. കന്നിയങ്കത്തിൽ വയനാട് ലോക്സഭ മണ്ഡലത്തിൽനിന്നും റിക്കാർഡ് ഭൂരിപക്ഷവുമായി യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ വിജയം. കന്നിയങ്കത്തിൽ നാല് ലക്ഷത്തിലധികം വോട്ടിൻറെ ഭൂരപക്ഷത്തിലാണ് പ്രിയങ്ക ഗാന്ധി ലോക്സഭയിലേക്ക് വിജയിച്ചിരിക്കുന്നത്. 410931 വോട്ടുകൾക്കാണ് പ്രിയങ്കയുടെ ജയം.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി 6,47,445 വോട്ടുകൾ നേടി 3,64,422 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുൽ ഗാന്ധി വിജയിച്ചത്. ഈ റിക്കാർഡ് ഭൂരിപക്ഷമാണ് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി മറികടന്നത്.
6,22,338 ലക്ഷം വോട്ട് നേടിയ പ്രിയങ്ക 4,10,931 വോട്ടിൻറെ ഭൂരിപക്ഷത്തിലാണ് മിന്നുന്ന ജയം സ്വന്തമാക്കിയത്. വോട്ടിംഗ് ശതമാനം കുറഞ്ഞത് പ്രിയങ്കയുടെ ഭൂരിപക്ഷത്തെ ബാധിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം തകിടം മറിച്ചുകൊണ്ടാണ് പ്രിയങ്കയുടെ മുന്നേറ്റം.
എൽഡിഎഫിൻറെ സത്യൻ മോകേരി 2,11,407 വോട്ടുകളാണ് നേടിയത്. 1,09,939 വോട്ടുകളാണ് ബിജെപിയുടെ നവ്യ ഹരിദാസിന് നേടാനായത്.