മുംബൈ: ടാറ്റ ഗ്രൂപ്പ് അഞ്ചുവർഷംകൊണ്ട് ഉത്പാദനമേഖലയിൽ അഞ്ചുലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ. അർധചാലകങ്ങൾ, ചിപ്പ് നിർമാണം, സവിശേഷ എൻജിനിയറിങ് ഉത്പന്നങ്ങൾ, വൈദ്യുത വാഹനങ്ങൾ, ബാറ്ററി, മറ്റ് അനുബന്ധ വ്യവസായങ്ങൾ എന്നിവയിലാണ് ഇത്രയും തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുക. ഇന്ത്യൻ ഫൗണ്ടേഷൻ ഫോർ ക്വാളിറ്റി മാനേജ്മെന്റ് (ഐ.എഫ്.ക്യു.എം.) സംഘടിപ്പിച്ച സിംപോസിയത്തിലാണ് ചന്ദ്രശേഖരൻ ഇക്കാര്യം സൂചിപ്പിച്ചത്.
ഇത് ടാറ്റ ഗ്രൂപ്പിലെ അവസരങ്ങളായിരിക്കും. ഈ മേഖലകളിലായി 500 മുതൽ 1,000 വരെ ചെറുകിട, ഇടത്തരം കമ്പനികൾ പുതുതായി വരാനിടയുണ്ട്. അതുകൊണ്ടുതന്നെ ഉത്പാദനമേഖലയിൽ വലിയ അവസരങ്ങളാണ് രാജ്യത്തു വരാനിരിക്കുന്നത്. ‘വികസിത ഭാരതം’ യാഥാർഥ്യമാകാൻ ഉത്പാദന മേഖലയിൽ 10 കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. രാജ്യത്തെ വർധിച്ച തൊഴിൽ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിനും ഉത്പാദനമേഖലയുടെ ഇത്തരത്തിലുള്ള വളർച്ച അനിവാര്യമാണ്.
ഇത് ഇന്ത്യയുടെ സമയമാണ്. ഉത്പാദന മേഖലയിൽ മാറ്റം പ്രകടമാണ്. സർക്കാർ ഇതിനായി പൂർണ പിന്തുണ നൽകുന്നു. പദ്ധതികൾ കൂട്ടമായി തുടങ്ങുന്നതും നടപ്പാക്കുന്നതും അവിശ്വസനീയമായ വേഗത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടാറ്റ ഗ്രൂപ്പുതന്നെ ചിപ്പ്, വൈദ്യുത വാഹനം, ബാറ്ററി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിൽ വലിയ പദ്ധതികളാണ് നടപ്പാക്കിവരുന്നത്. ചിപ്പ് നിർമാണ മേഖലയിൽ പ്രത്യക്ഷത്തിൽ ഒരവസരം ഉണ്ടായാൽ എട്ട് അവസരങ്ങൾ പരോക്ഷമായുണ്ടാകുമെന്നാണ് കണക്ക്. അതുകൊണ്ടുതന്നെ ഭാവിയിൽ ഉത്പാദന മേഖലയുടെ വളർച്ച തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ നിർണായകമാണെന്നും അദ്ദേഹം പറയുന്നു.
Tata Group plans to generate 500,000 jobs in 5 years-N Chandrasekaran