പിണറായി – ബിജെപി ബന്ധം: നുണയെന്ന് സീതാറാം യെച്ചൂരി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ബിജെപിയുമായി ബന്ധമുണ്ടെന്ന് നുണ പറയുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് വെറും സാധാരണ തിരഞ്ഞെടുപ്പല്ല, ജനാധിപത്യവും മതേതരത്വവും നിലനിൽക്കണോ എന്ന് തീരുമാനിക്കേണ്ട തിരഞ്ഞെടുപ്പാണ്.

ബിജെപിയെ താഴെയിറക്കാൻ എല്ലാ മതേതര ജനാധിപത്യ ശക്തികളും ഒരുമിക്കണം. എന്നാൽ കേരളത്തിൽ മുഖ്യമന്ത്രിയെ ഉന്നംവെച്ച് കോൺഗ്രസ് ആക്രമിക്കുന്ന സാഹചര്യമാണുള്ളത്. അവരുടെ ലക്ഷ്യം ബിജെപിയല്ല മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയെ ആക്രമിക്കുന്നത് ദൗർഭാഗ്യകരമാണ്. മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് നയിക്കുന്നയാളാണ്. ബിജെപി നടപടികളെ ശക്തമായി അപലപിച്ചിട്ടുളള നേതാവാണ് പിണറായിയെന്നും യെച്ചൂരി ചൂണ്ടിക്കാണിച്ചു.

മതേതര രാജ്യത്തെ ഹിന്ദുത്വ മതരാഷ്ട്രമാക്കാൻ ബിജെപി ശ്രമിക്കുകയാണ്. അതു കൊണ്ട് തന്നെ അവർക്കെതിരെ ശബ്ദം ഉയർത്തുന്ന പ്രതിപക്ഷത്തെ ഇല്ലാതാക്കാനും ബിജെപി ശ്രമം നടത്തുകയാണ്. ഭരണഘടനയെ തകർക്കാനും ബിജെപി ശ്രമിക്കുകയാണ്.

അതിനെ നേരിടുക എന്നതാണ് പ്രധാനം എന്നും യെച്ചൂരി പറഞ്ഞു. കേരളം കടന്നാൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ് കോൺഗ്രസ്. ബിജെപിയെ കഴിഞ്ഞ അഞ്ച് വർഷം നയപരമായി എതിർത്തത് സിപിഐഎമ്മാണ്. ഏതെങ്കിലും കോൺഗ്രസ് നേതാവ് പരസ്യമായി പൗരത്വ ഭേദഗതി നിയമത്തെ എതിർത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോ​ദിച്ചു. പൗരത്വം മതത്തിൻ്റെ അടിസ്ഥാനത്തിൽ നൽകേണ്ടതല്ല എന്നതാണ് ഇടതുപക്ഷത്തിൻ്റെ നയം. പൗരത്വ വിഷയത്തിൽ കോടതിയിൽ പോയതും സമരം ചെയ്തതതും സിപിഐഎമ്മാണ്. എന്നിട്ടാണ് ഇപ്പോൾ കള്ളം പറയുന്നതെന്നും ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

pathram desk 2:
Leave a Comment