ശുചിമുറി ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പെണ്‍ക്കുട്ടിയുടെ കാമുകന്‍ അറസ്റ്റില്‍ ; പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍

ചണ്ഡിഗഡ് : സര്‍വകലാശാലയുടെ വനിതാ ഹോസ്റ്റലില്‍ നിന്നുള്ള ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്ന കേസില്‍ പ്രതിഷേധം താത്കാലികമായി അവസാനിപ്പിച്ച് വിദ്യാര്‍ഥികള്‍. ആവശ്യങ്ങള്‍ പരിഗണിക്കാമെന്നു സര്‍വകലാശാല അധികൃതരും പൊലീസും ഉറപ്പ് നല്‍കിയതിനു പിന്നാലെയാണ് പ്രതിഷേധം അവസാനിപ്പിക്കാന്‍ ധാരണയായത്. അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ത്തന്നെ, പെണ്‍കുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും സ്വന്തം വിഡിയോദൃശ്യം മാത്രമാണു കാമുകനുമായി പങ്കുവച്ചതെന്നും പൊലീസ് പറഞ്ഞതോടെയാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കിയത്.

പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സെപ്റ്റംബര്‍ 24 വരെ സര്‍വകലാശാല അടച്ചിടും. കേസില്‍ ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷിംലയില്‍ അറസ്റ്റിലായ സണ്ണി മെഹ്ത(23) എന്ന യുവാവിനെ പഞ്ചാബ് പൊലീസിന് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് രങ്കജ് വര്‍മ എന്ന ഒരാളെ കൂടി കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഹോസ്റ്റല്‍ വാര്‍ഡന് പരാതി നല്‍കിയിരുന്നെങ്കിലും സ്വീകരിക്കാന്‍ തയാറായില്ലെന്നു വിദ്യാര്‍ഥിനികള്‍ പരാതിപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വിദ്യാര്‍ഥികളുടെ രോഷം തണുപ്പിക്കാന്‍ ഹോസ്റ്റല്‍ വാര്‍ഡനെ അധികൃതര്‍ സ്ഥലം മാറ്റി.

ഹോസ്റ്റലില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ എടുത്തുവെന്നും സ്വന്തം വിഡിയോ ദൃശ്യം മാത്രമാണു പെണ്‍കുട്ടി പങ്കുവച്ചതെന്നാണു പ്രാഥമിക അന്വേഷണത്തിലെ വിവരമെന്നും മൊഹാലി സീനിയര്‍ എസ്പി വിവേക് ഷീല്‍ സോണി വ്യക്തമാക്കി. സംഭവത്തില്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ദേശീയ വനിതാ കമ്മിഷനും കേസ് റജിസ്റ്റര്‍ ചെയ്തു.

പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കുമെന്നു പൊലീസ് പറഞ്ഞു. ഒരു വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ചുവെന്ന പ്രചാരണം വ്യാജമാണെന്നു പൊലീസും സര്‍വകലാശാല അധികൃതരും വ്യക്തമാക്കി. അമിത സമ്മര്‍ദത്തെ തുടര്‍ന്നു തളര്‍ന്ന ഒരു പെണ്‍കുട്ടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടെന്നു പൊലീസ് വിശദീകരിച്ചു. ഹോസ്റ്റല്‍ അന്തേവാസികളായ 60ലേറെ പെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുവെന്നായിരുന്നു അഭ്യൂഹം.

കെ എം ബഷീര്‍ വധക്കേസ്; മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവില്ലെന്ന വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം വെങ്കിട്ടരാമന്‍

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7