കഴിഞ്ഞ വർഷം മൊബൈൽ നിരക്കുകൾ കുത്തനെ വർധിപ്പിച്ചിട്ടും വോഡഫോണ്‍ ഐഡിയക്ക് നഷ്ടം തന്നെ. എന്നാൽ, താരിഫ് വർധന വോഡഫോൺ ഐഡിയയുടെ നാലാം പാദ വരുമാനത്തിൽ നേരിയ വഴിത്തിരിവുണ്ടാക്കിയിട്ടുണ്ട്. കമ്പനിയുടെ അറ്റനഷ്ടം 6,545 കോടി രൂപയായി കുറഞ്ഞു. ജനുവരി – മാർച്ച് പാദത്തിലെ നഷ്ടവും വിദഗ്ധരുടെ കണക്കുകളേക്കാൾ കുറവാണ്. ബ്ലൂംബെർഗിന്റെ സമവായ കണക്കുകൾ പ്രകാരം 6,738 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഉണ്ടായത്. കഴിഞ്ഞ പാദത്തിൽ 7,234 കോടി രൂപയുടെ അറ്റ നഷ്ടമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്.
താരിഫ് വർധനവ് ഒരു ഉപയോക്താവിൽ നിന്നുള്ള ശരാശരി വരുമാനം (ആർപു) 7.5 ശതമാനം ഉയർന്ന് 115 രൂപയിൽ നിന്ന് 124 രൂപയായി ഉയർന്നു. എന്നാൽ, റിലയൻസ് ജിയോയുടെ ആർപു 167.6 രൂപയാണ്. ഭാരതി എയർടെലിന്റെ നാലാം പാദ റിപ്പോർട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എന്നാൽ, താരിഫ് വർധപ്പിച്ചിട്ടും കമ്പനിക്ക് വരിക്കാരുടെ നഷ്ടം തടയാൻ കഴിഞ്ഞു. കാരണം 3.4 ശതമാനം എന്ന ഇടിവ് മുൻ പാദത്തിലെ പോലെ തന്നെ തുടർന്നു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ നഷ്ടപ്പെട്ട 58 ലക്ഷം വരിക്കാരെ അപേക്ഷിച്ച് ഈ പാദത്തിൽ 34 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിട്ടുണ്ട്.
താരിഫ് വർധന ഉയർന്ന വരുമാനം രേഖപ്പെടുത്താനും സഹായിച്ചു. വരുമാനം 5.4 ശതമാനം ഉയർന്ന് 10,240 കോടി രൂപയായി. എന്നാൽ, വരുമാനം നേരത്തേ പ്രതീക്ഷിച്ചിരുന്ന 10,373 കോടിയുടേതിനേക്കാൾ അൽപം താഴെയാണ്. താരിഫ് വർധന വരിക്കാരുടെ എണ്ണം കുറയാൻ കാരണമായിട്ടുണ്ട്.