കൊഹിമ: നാഗാലാന്‍ഡില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ടു. 12 ഗ്രാമീണരും ഒരു സുരക്ഷാ സൈനികനുമാണ് കൊല്ലപ്പെട്ടതെന്നാണ് അനൗദ്യോഗിക വിവരം. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന ഒട്ടിങ് ഗ്രാമത്തില്‍ സുരക്ഷസേന നടത്തിയ ഓപറേഷനിലാണ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
ശനിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. രോഷാകുലരായ നാട്ടുകാര്‍ സുരക്ഷാ സേനയുടെ രണ്ട് വാഹനങ്ങള്‍ക്ക് തീയിട്ടു. പതിമൂന്ന് മരണം സ്ഥിരീകരിച്ചതായി മോണ്‍ എസ്പിയെ ഉദ്ധരിച്ച് ഇന്ത്യാടുഡേ റിപ്പോര്‍ട്ട് ചെയ്തു.
എന്‍.എസ്.സി.എന്‍. തീവ്രവാദികളെന്ന് തെറ്റിദ്ധരിച്ച് ഗ്രാമീണര്‍ക്കുനേരെ സുരക്ഷാ സൈനികര്‍ വെടിവെക്കുകയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒട്ടിങ് ഗ്രാമത്തില്‍ നിന്നുള്ള ഗ്രാമീണര്‍ പിക് അപ്പ് ട്രക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് വെടിവെപ്പുണ്ടായത്. ഇവരെ കാണാത്തതിനേ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ തിച്ചിലിലാണ് ട്രക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രവാദികളുടെ നീക്കം സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് ഒരു പ്രത്യേക ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നതായി അസം റൈഫിള്‍സ് ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. നിര്‍ഭാഗ്യകരമായ സംഭവത്തേക്കുറിച്ച് ഉന്നതതലത്തില്‍ അന്വേഷിക്കുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും. സംഭവത്തില്‍ ഒരു സൈനികന്‍ മരിക്കുകയും ചിലര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായും അസം റൈഫിള്‍സ് പ്രസ്താവനയില്‍ പറയുന്നു.
ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക സംഘം സംഭവം സമഗ്രമായി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംഭവം നിര്‍ഭാഗ്യകരമാണെന്ന് നാഗാലാന്‍ഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോയും പറഞ്ഞു. സംഭത്തില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി ജനങ്ങള്‍ സംയമനം പാലിക്കണമെന്നും ആവശ്യപ്പെട്ടു.