ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ശക്തമായ പിന്തുണ; പെട്രോള്‍-ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കില്ല-ഗഡ്കരി

വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കാൻ സർക്കാർ നടപടിയെടുക്കുമെങ്കിലും പെട്രോൾ, ഡീസൽ വണ്ടികൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. എഥനോൾ, ബയോ-എൽ.എൻ.ജി., ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ഇന്ധനങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും ഒരു വെർച്വൽ ചടങ്ങിൽ പങ്കെടുത്തുകൊണ്ട് മന്ത്രി പറഞ്ഞു.

2030-ഓടെ പെട്രോൾ, ഡീസൽ വാഹനങ്ങൾ പൂർണമായി നിരോധിക്കാനാണ് പല രാജ്യങ്ങളുടേയും തീരുമാനം. എന്നാൽ, ഇന്ത്യ അതാലോചിക്കുന്നില്ല. പകരം വൈദ്യുതിവാഹനങ്ങളും മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കുന്നവയും നിർമിക്കാൻ കമ്പനികളെ പ്രോത്സാഹിപ്പിക്കും.

പല സംസ്ഥാന സർക്കാരുകളും വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അതിനിടെ, മൂന്നു വർഷത്തിനകം കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളുടെയും ഓഫീസുകളുടെയും മുഴുവൻ വാഹനങ്ങളും ഇലക്ട്രിക്കാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

സർക്കാർ വാഹനങ്ങളെല്ലാം വൈദ്യുതിയിലേക്ക് മാറാൻ നിർദേശിച്ചുകൊണ്ട് വിവിധ വകുപ്പുകൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്രം കത്തയച്ചിരുന്നു. കേന്ദ്ര ഊർജ പുനരുപയോഗ വകുപ്പ് മന്ത്രി രാജ് കുമാർ സിങ്ങാണ് ഇതുസംബന്ധിച്ച് കത്തയച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular