ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ മേധാവിത്വം ലക്ഷ്യമിട്ട് എത്തിയിട്ടുള്ള വാഹനങ്ങളാണ് ഒല ഇലക്ട്രിക്കിന്റെ എസ്-1, എസ്-1 പ്രോ തുടങ്ങിയവ. ഇതിനോടകം തന്നെ ലക്ഷത്തിലധികം ആളുകൾക്ക് കാത്തിരിപ്പ് സമ്മാനിച്ചിട്ടുള്ള ഈ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് നിർമാതാക്കളായ ഒല ഇലക്ട്രിക്. ഇതിന്റെ ഭാഗമായി ഉടൻ തന്നെ രാജ്യത്തെ 1000 നഗരങ്ങളിൽ ടെസ്റ്റ് റൈഡിനുള്ള സംവിധാനം ഒരുക്കുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
വാഹനം ബുക്കുചെയ്തിട്ടുള്ളവർക്ക് മാത്രമായിരിക്കും ആദ്യഘട്ടത്തിൽ ടെസ്റ്റ് റൈഡിനുള്ള അവസരം ഒരുക്കുകയെന്നാണ് ഒല അറിയിച്ചിട്ടുള്ളത്. ഇവർക്കുള്ള റൈഡ് ഡിസംബർ 15-നകം തീർക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഡൽഹി, കൊൽക്കത്ത, അഹമ്മദാബാദ്, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നവംബർ 10-മുതലും ചെന്നൈ, ഹൈദരാബാദ്, കൊച്ചി, മുംബൈ, പൂണെ തുടങ്ങിയ സ്ഥലങ്ങളിൽ നവംബർ 19 മുതലും ടെസ്റ്റ് റൈഡ് ആരംഭിച്ചിരുന്നെന്നാണ് ഒല അറിയിച്ചിരിക്കുന്നത്.
കേരളത്തിലെ കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ രണ്ട് നഗരങ്ങളിൽ ഉൾപ്പെടെ നവംബർ 27 മുതൽ ടെസ്റ്റ് റൈഡ് ആരംഭിക്കുന്നുണ്ടെന്നാണ് ഒല ഇലക്ട്രിക് ഉറപ്പുനൽകിയിട്ടുള്ളത്. സൂറത്ത്, വിശാഖപട്ടണം, വിജയവാഡ, കോയമ്പത്തൂർ, വഡോദര, ഭൂബനേശ്വർ, തിരുപ്പൂർ, ജയ്പുർ, നാഗ്പുർ തുടങ്ങിയ നഗരങ്ങളിലും 27-ന് റൈഡ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് ഡ്രൈവ് നൽകിയ സ്ഥലങ്ങളിൽ നിന്ന് മികച്ച പ്രതീകരണമാണ് ലഭിക്കുന്നതെന്നാണ് വിവരങ്ങൾ.
എസ് വൺ, എസ് വൺ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചത്. എസ് വൺ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയർന്ന വകഭേദമായ എസ് വൺ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില. ഇന്ത്യയിൽ ഏഥർ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒല ഇലക്ട്രിക് സ്കൂട്ടറുകൾ മത്സരിക്കുന്നത്.
8.5 കിലോവാട്ട് പവറും 58 എൻ.എം. ടോർക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാൽ, എസ്1-ൽ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയിൽ 3.97 kWh ബാറ്ററി പാക്കുമാണ് നൽകിയിട്ടുള്ളത്. എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റിൽ 40 കിലോമീറ്റർ വേഗത കൈവരിക്കുമ്പോൾ എസ്-1, 3.6 സെക്കന്റിൽ പൂജ്യത്തിൽ നിന്ന് 40 കിലോമീറ്റർ വേഗത കൈവരിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഫാസ്റ്റ് ചാർജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളിൽ 75 കിലോമീറ്റർ സഞ്ചരിക്കാനുള്ള ചാർജ് നിറയുമെന്നതാണ് എസ്-1, എസ്-1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ പ്രധാന പ്രത്യേകതകളിലൊന്ന്. സാധാരണ ഹോം ചാർജർ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറിൽ 100 ശതമാനം ചാർജ് ചെയ്യാൻ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂർണമായും ചാർജ് നിറയാൻ 6.30 മണിക്കൂറാണ് എടുക്കുന്നത്.