കോഴിക്കോട്: ബീച്ച് ആശുപത്രിയിൽ കോവിഡ് പരിശോധനാഫലത്തിനായി ദിവസങ്ങൾനീണ്ട കാത്തിരിപ്പ്. സ്രവമെടുത്ത് മൂന്നും നാലും ദിവസം കഴിയുമ്പോഴാണ് ആർ.ടി.പി.സി.ആർ. ഫലം കിട്ടുന്നതെന്നാണ് ആക്ഷേപം. മെഡിക്കൽ കോളേജ് ആശുപത്രിയിൽ രണ്ട് ദിവസമെടുക്കുന്നുണ്ട്. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായ ജീവനക്കാരെ പിരിച്ചുവിട്ടതോടെ മലാപ്പറമ്പ് റീജണൽ പബ്ലിക് ഹെൽത്ത് ലാബിൽ കോവിഡ് പരിശോധന മുടങ്ങിയതാണ് വിനയായത്.
നേരത്തെ ഒരുദിവസംകൊണ്ട് പരിശോധനാഫലം കിട്ടിയിരുന്നിടത്താണിപ്പോൾ നീണ്ട കാത്തിരിപ്പ്. സ്കൂൾ തുറന്നതോടെ വിദ്യാർഥികളും അധ്യാപകരുമുൾപ്പെടെയുള്ള പല ജീവനക്കാരുമാണ് ഇതുകാരണം ബുദ്ധിമുട്ടിലായത്. പരിശോധനാഫലം കിട്ടാതെ സ്കൂളിൽ പോകാൻ പറ്റില്ല.
തൊണ്ടവേദന കാരണം ചൊവ്വാഴ്ച ബീച്ചാശുപത്രിയിൽനിന്ന് സ്രവമെടുത്ത വിദ്യാർഥിനിയുടെ പരിശോധനാഫലം വൈകിയതിന്റെ പ്രയാസമാണ് ഒരു രക്ഷിതാവ് പങ്കുവെച്ചത്. ലക്ഷണങ്ങളൊന്നുമില്ലെങ്കിലും കോവിഡ് സമ്പർക്കമുണ്ടായതിനാൽ പരിശോധന നടത്തിയ അധ്യാപകന് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. ഫലം വൈകുമെന്ന കാര്യം അധികൃതർ കൃത്യമായി പറഞ്ഞിരുന്നെങ്കിൽ ഇത്രയേറെ പ്രയാസമുണ്ടാകില്ലായിരുന്നുവെന്നും മറ്റെവിടെനിന്നെങ്കിലും ടെസ്റ്റ് ചെയ്യാമായിരുന്നുവെന്നുമാണ് ബീച്ച് ആശുപത്രിയിൽ എത്തിയവർ പറയുന്നത്. പ്രായമായവർ ഉൾപ്പെടെ പലതവണ ആശുപത്രിയിൽ കയറിയിറങ്ങേണ്ട സ്ഥിതിയാണെന്നും ആക്ഷേപമുണ്ട്.
ആരോഗ്യവകുപ്പിന് കീഴിൽ കോവിഡ് പരിശോധന നടത്തുന്നത് മലാപ്പറമ്പ് ലാബിലായിരുന്നു. കോവിഡ് ബ്രിഗേഡിന്റെ ഭാഗമായി നിയമിച്ച ജീവനക്കാരെ ഒഴിവാക്കിയതോടെ സയന്റിസ്റ്റും ഇല്ലാതായി. അതോടെ പരിശോധന മുടങ്ങി. മൊബൈൽ ലാബിലാണ് ഇപ്പോൾ പരിശോധന.
അതിനാൽ ഫലത്തിനായി ദിവസങ്ങളോളം കാത്തിരിക്കുകയാണ്. മെഡിക്കൽ കോളേജ് ലാബിൽമാത്രം 23 പേരെയാണ് പിരിച്ചുവിട്ടത്. ഇപ്പോൾ ഉള്ളത് ഒരാൾ മാത്രം. ഇതോടെ പ്രവർത്തനം താളംതെറ്റി. മലാപ്പറമ്പിൽ മാത്രം ശരാശരി ഒരുദിവസം ആയിരത്തിലേറെ പരിശോധന നടത്തിയിരുന്നു. അതാണ് മുടങ്ങിയത്. ഇപ്പോഴുള്ള പ്രശ്നം പരിശോധിക്കാമെന്നാണ് അധികൃതർ പറയുന്നത്.