കൊച്ചി : വഴിയോരത്ത് 100 രൂപയ്ക്ക് 5 കിലോ വരെ വിറ്റിരുന്ന സവാള ഉൾപ്പെടെ അടുക്കളയിലെ അവശ്യ വസ്തുക്കൾക്കു തീപിടിച്ച വില. തക്കാളിക്കും കാരറ്റിനും മുരിങ്ങക്കായ്ക്കുമാണ് കാര്യമായ വിലവർധന. കൊച്ചിയിൽ പച്ചക്കറിക്കടകളിൽ സവാള വില കിലോയ്ക്ക് 50 രൂപ വരെയായി ഉയർന്നു. കോഴിക്കോട്ടും തിരുവനന്തപുരത്തും സമാന സാഹചര്യമാണ്. കോവിഡ് പ്രതിസന്ധിയിൽ പച്ചക്കറിക്കച്ചവടത്തിനിറങ്ങിയ വഴിയോര വിൽപനക്കാരിൽ പലരും അതവസാനിപ്പിച്ചു. കുറച്ചു പേർ ഇപ്പോഴും പച്ചക്കറി വിൽക്കുന്നുണ്ടെങ്കിലും വില കൂടിയ ഇനങ്ങൾ കുറച്ചുമാത്രം സ്റ്റോക്കെടുത്താണ് വിൽപന.
പാചക വാതക വില വർധനയ്ക്കു പിന്നാലെ പച്ചക്കറി വിലയും കുത്തനെ ഉയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുകയാണ്. കേരളത്തിലേക്കു പച്ചക്കറിയെത്തുന്ന തമിഴ്നാട്ടിലും കർണാടകയിലും മഴയിൽ കൃഷി നശിച്ചത് വിലക്കയറ്റത്തിനു കാരണമായെന്ന് കച്ചവടക്കാർ പറയുന്നു.
മഹാരാഷ്ട്രയിലെ നാസിക്കിലും പുണെയിലും വില ഉയർന്നതാണ് മലയാളിക്ക് ഒഴിവാക്കാനാവാത്ത സവാളയുടെ വില കുത്തനെ ഉയർത്തിയത്. ഉൽസവ കാലം വന്നതോടെ ഡിമാൻഡ് ഉയർന്നതും വില വർധനയ്ക്കു കാരണമായി. സവാള ഉൽപാദക സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ കനത്ത മഴ പെയ്തതു തിരിച്ചടിയായി. മഴയിൽ പല പ്രാദേശിക ഗോഡൗണുകളിലെയും കരുതൽ ശേഖരം നനഞ്ഞു നശിച്ചു. വിളവെടുപ്പിനു തൊട്ടുമുൻപ് കൃഷി നശിച്ചതും വിലവർധനയ്ക്കു കാരണമായി. കഴിഞ്ഞയാഴ്ച വരെ കിലോയ്ക്ക് 25 മുതൽ 30 വരെ രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോൾ 50 രൂപയ്ക്കു മുകളിലാണ് വില. ചിലയിടത്ത് 60 രൂപയ്ക്കും വിൽക്കുന്നുണ്ട്.
കാരറ്റിന് 60 രൂപയും മുരിങ്ങക്കായ്ക്ക് 80 രൂപയുമായി വില ഉയർന്നു. രണ്ടു വർഷം മുമ്പ് സംസ്ഥാനത്ത് ഒരു കിലോ ഉള്ളിക്ക് 150 രൂപ വരെ വില ഉയർന്നിരുന്നു. കഴിഞ്ഞ രണ്ടു വർഷവും രാജ്യത്താകെ ഉള്ളിവില കിലോഗ്രാമിന് 100 രൂപ കടന്നിരുന്നു.