‘ലണ്ടനില്‍ നിന്ന് 2.62 ലക്ഷം കോടി അക്കൗണ്ടിലെത്തി’: മോന്‍സണ്‍ തയ്യാറാക്കിയ വ്യാജരേഖ പുറത്ത്

കൊച്ചി: കോടികളുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പിനായി എച്ച്എസ്ബിസി ബാങ്കിന്റെ പേരില്‍ തയ്യറാക്കിയ വ്യാജ രേഖകള്‍ പുറത്ത്. 2.62 ലക്ഷം കോടി രൂപയ്ക്ക് തുല്യമായ പൗണ്ട് അക്കൗണ്ടില്‍ എത്തിയെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ആയിരുന്നു ഇത്. ലണ്ടനില്‍ നിന്ന് കലിംഗ കല്യാണ്‍ ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം വന്നുവെന്നായിരുന്നു വ്യാജ രേഖ.

കറണ്ട് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ ഉണ്ടാകുന്നതിന് സമാനമായ രേഖയാണ് വ്യാജമായുണ്ടാക്കിയത്. ഈ രേഖ കാണിച്ചാണ് 10 കോടിയോളം രൂപ പരാതിക്കാരില്‍ നിന്ന് വാങ്ങിയത്. ഇതിനുപുറമേ 40 കോടിയോളം രൂപയുടെ തട്ടിപ്പും മോന്‍സണ്‍ നടത്തി എന്നാണ് വിവരം. എന്നാല്‍ തട്ടിപ്പിന് ഇരായായ പലരും പരാതി പുറത്തുപറയാന്‍ തയ്യാറായിട്ടില്ല.

സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം മോന്‍സണ്‍ വ്യാജമായി നിര്‍മിച്ചുവെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് നിരവധി വ്യാജ രേഖകള്‍ മോന്‍സണിന്റെ വീട് റെയ്ഡ് ചെയ്ത് പിടികൂടിയിട്ടുണ്ട്. ഇവയെല്ലാം ക്രൈംബ്രാഞ്ച് വിശദമായി പരിശോധിച്ച് വരുകയാണ്.

വയനാട്ടില്‍ കാപ്പിത്തോട്ടം പാട്ടത്തിനെടുത്ത് നല്‍കാമെന്ന പേരില്‍ 1.62 കോടി തട്ടിയ കേസിലും ക്രൈംബ്രാഞ്ച് മോന്‍സണിന്റെ അറസ്റ്റ് രേഖപ്പടുത്തി. മധ്യപ്രദേശ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കാപ്പിത്തോട്ടം പാട്ടത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പത്തനംതിട്ട സ്വദേശിയില്‍ നിന്നാണ് പണം വാങ്ങിയത്.

ഇതിനിടെ മോന്‍സണിന്റെ കലൂരിലേയും ചേര്‍ത്തലയിലേയും വീട്ടില്‍ പോലീസിന്റെ ബീറ്റ് ബോക്‌സ് സ്ഥാപിച്ചത് സംസ്ഥാന പോലീസിലെ ഉന്നതര്‍ ഇടപെട്ടാണെന്ന നിര്‍ണായക വിവരവും പുറത്തുവരുന്നുണ്ട്. 2019 ജൂണില്‍ സംസ്ഥാന പോലീസ് ആസ്ഥാനത്തുനിന്ന് ലഭിച്ച നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സണിന്റെ രണ്ട് വീടുകളിലും ബീറ്റ് ബോക്‌സ് സ്ഥാപിച്ചതെന്നാണ് വിവരം.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7