വാഹനം ഓടിക്കവേ ബ്ലൂടൂത്ത് വഴി ഫോണില്‍ സംസാരിച്ചാലും ഇനി ലൈസൻസ് പോകും

തൃശ്ശൂർ: വണ്ടിയോടിക്കുമ്പോൾ ഇനി ബ്ലൂടൂത്ത് സംവിധാനത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ചാലും പോലീസിന്റെ പിടിയിലാവും. ഫോൺ കൈയിൽപ്പിടിച്ച് സംസാരിച്ചാലുള്ള അതേ ശിക്ഷതന്നെ ഇവിടെയും നേരിടേണ്ടി വരും.

‘ഹാൻഡി ഫ്രീ’ ആയതുകൊണ്ടു മാത്രം ഇളവുകിട്ടില്ലെന്നും സംശയം തോന്നിയാൽ, ഫോൺ പരിശോധിച്ച് ഉറപ്പുവരുത്താൻപോലും മടിക്കില്ല. വാഹനം നിർത്തിയിട്ട് ബ്ലൂടൂത്ത് വഴി സംസാരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.

ചലിക്കുന്ന വാഹനങ്ങളിൽ പ്രവർത്തിക്കാത്ത ബ്ലൂടൂത്ത് സാങ്കേതികവിദ്യ നിലവിൽവരണമെന്ന് തൃശ്ശൂർ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എൻ. വിനോദ് കുമാർ പറയുന്നു. തുടക്കത്തിൽ ഫോൺവിളികളിൽ മാത്രം ഒതുങ്ങിയിരുന്ന ബ്ലൂടൂത്ത് ഉപയോഗം ലോക്ഡൗൺ കാലമായതോടെ ഗൂഗിൾ മീറ്റ്, സൂം മീറ്റിങ് തുടങ്ങിയവയിലേക്കും മാറിയിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ സംസാരിക്കുന്നത് ഏതുവിധത്തിലായാലും അപകടകാരണമാവുമെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്.
എന്നാൽ മാസ്ക് ധരിച്ച് വണ്ടിയോടിക്കുമ്പോൾ ബ്ലൂടൂത്ത് വഴിയുള്ള സംസാരം കണ്ടുപിടിക്കാനാവുന്നില്ല എന്ന പരിമിതിയുണ്ടെന്ന് പോലീസ് പറയുന്നു.

സംസാരിക്കുന്നതായി കണ്ടാൽമാത്രമേ പരിശോധനയുണ്ടാവൂ. ഡ്രൈവർ നിഷേധിച്ചാൽ കോൾഹിസ്റ്ററി പരിശോധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular