മൃതദേഹത്തിൽ നിന്ന് കോവിഡ് പകരുമോ? എയിംസ് പഠനം പറയുന്നത്

കോവിഡ് 19 വ്യാപിച്ചു തുടങ്ങിയപ്പോൾ മുതൽ എല്ലാവർക്കും ഉള്ള ആശങ്കയാണ് കോവിഡ് ബാധിച്ചു മരിച്ചവരുടെ ശരീരത്തിൽ നിന്ന് രോഗം പകരുമോ എന്നുള്ളത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (AIIMS) ഇതിനുള്ള ഉത്തരം കണ്ടെത്തി. കോവിഡ്, ശവശരീരത്തിൽ നിന്ന് വ്യാപിക്കില്ല എന്നാണ് പഠനം പറയുന്നത്.

എയിംസിലെ ഫോറൻസിക് മെഡിസിൻ വിഭാഗം, കോവിഡ് ബാധിച്ചു മരിച്ച നൂറോളം പേരുടെ മൃതശരീരം പോസ്‌റ്റുമോർട്ടം ചെയ്‌തു. മരണമടഞ്ഞ് 12 മുതൽ 24 മണിക്കൂറിനു ശേഷം വരെ ശവശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ വീണ്ടും പരിശോധിച്ചു. റിസൾട്ട് നെഗറ്റീവ് ആയിരുന്നു. വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല.

മരിച്ച് 12 മുതൽ 24 മണിക്കൂർ വരെ കഴിഞ്ഞ്, മരണമടഞ്ഞവരുടെ വായിലോ മൂക്കിലോ കൊറോണവൈറസ് ആക്ടീവ് ആയിരിക്കില്ല എന്നും ശവശരീരങ്ങളിൽ നിന്ന് കൊറോണ വൈറസ് പകരില്ല എന്നും എയിംസ് ഫോറൻസിക് വിഭാഗം മേധാവി ഡോ. സുധീർ ഗുപ്‌ത പറഞ്ഞു.

ശ്മശാനങ്ങളിലും ശവപ്പറമ്പുകളിലും പിന്തുടരേണ്ട നിർദേശങ്ങളുടെ മാർഗരേഖ, ആരോഗ്യമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് ഇവിടങ്ങളിൽ ജോലി ചെയ്യുന്നവർ കൊറോണ വൈറസിനെക്കുറിച്ച് അറിവുള്ളവരും കൈകളുടെ വൃത്തി, മാസ്ക്ക് ധരിക്കൽ, കൈയുറകൾ ധരിക്കൽ തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്നും കൂടുതൽ റിസ്ക്ക് ഇല്ലെന്നും പറയുന്നു.

ശ്മശാനങ്ങളിൽ പാലിക്കേണ്ട ചില കാര്യങ്ങളും കൂടിയുണ്ട് എന്ന് ഡോ. സുധീർ ഗുപ്‌ത പറയുന്നു. കൂടുതൽ അപകടസാധ്യത ഇല്ലെങ്കിലും മാസ്ക്ക്, കൈകളുടെ വൃത്തി, കൈയുറകൾ ധരിക്കുക ഇവയ്ക്കു പുറമെ ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്.

ശവശരീരത്തിന്റെ മൂക്കും വായും അടച്ചുവയ്ക്കേണ്ടതാണ്. ശരീര സ്രവങ്ങളും മറ്റും പുറത്തുവരാതിരിക്കാനാണിത്. കൂടാതെ കത്തീറ്റർ, ട്യൂബുകൾ ഇവയെല്ലാം ഇട്ടതു മൂലം ഉണ്ടായേക്കാവുന്ന ദ്വാരങ്ങൾ ഒക്കെ അണുനശീകരണം (sterilize) ചെയ്യണമെന്നും ഡോക്ടർ പറയുന്നു.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ശവശരീരങ്ങൾ കൈകാര്യം ചെയ്യുന്നവർ മുൻകരുതലെന്നോണം മാസ്ക്ക്, ഗ്ലൗസ്, പിപിഇ കിറ്റ് ഇവ ധരിക്കണം,
ഭൗതികാവശിഷ്ടങ്ങളിൽ നിന്ന് അണുബാധ പകരുമെന്ന പേടി വേണ്ടെന്നും എല്ലുകളും ചിതാഭസ്‌മവും ശേഖരിക്കുന്നത് പൂർണമായും സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

pathram desk 1:
Related Post
Leave a Comment