രാജ്യം വലിയൊരു പ്രതിസന്ധിയെയാണ് നേരിടുന്നത്. കോവിഡ്–19 ന്റെ രണ്ടാം വരവ് മിക്ക സംസ്ഥാനങ്ങളിലെ ആരോഗ്യ സംവിധാനങ്ങളെയും സ്തംഭിപ്പിച്ചിരിക്കുകയാണ്. വടക്കെ ഇന്ത്യയിലെ മിക്ക ആശുപത്രികളിലെയും കാഴ്ചകൾ ദയനീയമാണെന്നാണ് ഡോക്ടർമാരുടെയും സന്നദ്ധപ്രവർത്തകരുടെയും പ്രതികരണങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. ഇത്തരം നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കോവിഡിനെ പ്രതിരോധിക്കാൻ എല്ലാവരും സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ പാലിക്കണമെന്ന് കരഞ്ഞുകൊണ്ട് പറയുന്ന ഡോക്ടറുടെ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലും കാണാം. ഈ പ്രതിസന്ധിയെ മറികടക്കാൻ എല്ലാവരും നിർബന്ധമായും മാസ്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്യാൻ ഡോക്ടർ നിർദേശിക്കുന്നുണ്ട്.
ഞാൻ ഇതുപോലൊന്ന് കണ്ടിട്ടില്ല, ഞങ്ങൾ നിസ്സഹായരാണ്. പല ഡോക്ടർമാരെയും പോലെ ഞാനും അസ്വസ്ഥനാണ്. എന്തുചെയ്യണമെന്ന് അറിയില്ല. ദയനീയ കാഴ്ചകൾ കണ്ട് ഹൃദയം തകർന്നിരിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് സഹായിക്കാൻ കഴിയുന്നതിനേക്കാൾ മുകളിലാണ് ഈ പ്രതിസന്ധിയെന്നും വിഡിയോയിലൂടെ ഡോക്ടർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
വേണ്ടത്ര കിടക്കകളില്ല, ഓക്സിജനില്ല, മരുന്നുകളും കുറവ്. ഇതിനാൽ തന്നെ ഗുരുതരാവസ്ഥയിലുള്ള രോഗികളെ പോലും വീട്ടിൽ കിടത്തേണ്ട സാഹചര്യമാണെന്നും അവർ പറഞ്ഞു. ഈ പ്രതിസന്ധിയെ മറികടക്കാൻ ജനങ്ങളും ആരോഗ്യ പ്രവർത്തകരും കഴിവതും സഹകരിക്കണമെന്നും അവർ ആവശ്യപ്പെടുന്നുണ്ട്.
ദയവ് ചെയ്ത്, സുരക്ഷിതമായി വീട്ടിൽ തന്നെ തുടരുക. നിങ്ങൾക്ക് കോവിഡ് വന്നിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സൂപ്പർ ഹീറോ ആണെന്ന് കരുതി പുറത്തിറങ്ങരുത്. കോവിഡ് വന്ന് സുഖപ്പെട്ടവർക്ക് പ്രതിരോധശേഷി ഉണ്ടെന്ന് കരുതുന്നത് തെറ്റാണ്. നിരവധി ചെറുപ്പക്കാർ വീണ്ടും രോഗബാധിതരാകുന്നത് ഞങ്ങൾ കാണുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
Leave a Comment