വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ശ്രമം; നീക്കത്തിൽ അസ്വാഭാവികതയെന്ന ആരോപണം കടുപ്പിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ കേടായതും പരിശീലനത്തിന് ഉപയോഗിച്ചതുമായ വോട്ടിങ് യന്ത്രങ്ങൾ മാറ്റാൻ ഉദ്യോഗസ്ഥർ നടത്തിയ തിരക്കിട്ട നീക്കത്തിനെതിരെ ആരോപണം ശക്തമാക്കി കോൺഗ്രസും ബിജെപിയും. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് ബിജെപി, കോൺഗ്രസ് നേതൃത്വങ്ങൾ ചീഫ് ഇലക്ടറൽ ഓഫിസറെ ഇന്ന് നേരിൽ കാണും. സ്ട്രോങ് റൂം തുറക്കാനുള്ള നീക്കത്തിൽ അസ്വാഭാവികത ഉണ്ടെന്നാണ് ആരോപണം. മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന ശ്രീകാര്യം ലയോള കോളജിൽ ശനി ഉച്ചയ്ക്കു 12നായിരുന്നു വിവാദ സംഭവം.

സ്ട്രോങ് റൂമിൽ നിന്നു കേടായ യന്ത്രങ്ങൾ ജില്ലാ വെയർഹൗസിലേക്ക് മാറ്റാനായിരുന്നു തീരുമാനം. വിവരമറിഞ്ഞ് എത്തിയ ബിജെപി, കോൺഗ്രസ് പ്രതിനിധികൾ സ്ട്രോങ് റൂം തുറക്കുന്നതിനെ എതിർത്തു. ഇതോടെ വരണാധികാരി ശ്രമം ഉപേക്ഷിക്കുകയായിരുന്നു. വരാണാധികാരിക്ക് എതിരെ ബിജെപി സ്ഥാനാർഥി ​ശോഭ സുരേന്ദ്രനും യുഡിഎഫ് സ്ഥാനാർഥി ഡോ.എസ്.എസ് ലാലും നൽകിയ പരാതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നു വിശദീകരണം തേടിയേക്കും.

തപാൽ ബാലറ്റുകൾ വയ്ക്കാനായി സ്ട്രോങ് റൂം തുറക്കുന്നതിലും അസ്വാഭാവികതയുണ്ടെന്ന് പ്രതിപക്ഷ പാർട്ടികൾ ആരോപിച്ചു. തപാൽ ബാലറ്റുകൾ എത്തിക്കുമ്പോൾ ഇക്കാര്യം അറിയിക്കുന്നില്ല. വരാണാധികാരി തോന്നിയതു പോലെയാണ് കാര്യങ്ങൾ ചെയ്യുന്നത്. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള ശ്രമമാണിതെന്നും ബിജെപി, കോൺഗ്രസ് നേതൃത്വങ്ങൾ ആരോപിച്ചു. ജില്ലയിലെ മറ്റു മണ്ഡലങ്ങളിൽ നിന്നും കേടായ വോട്ടിങ് യന്ത്രങ്ങൾ അന്നേ ദിവസം മാറ്റിയിട്ടുണ്ടോ എന്നു പരിശോധിക്കണ മെന്നും ഇവർ ആവശ്യപ്പെട്ടു.

Similar Articles

Comments

Advertismentspot_img

Most Popular