ഓക്സിജൻ വിഹിതം വെട്ടിക്കുറച്ചെന്ന് കേജ്‍രിവാൾ; ഡിമാൻഡ് നിയന്ത്രിക്കണമെന്ന് കേന്ദ്രം

ന്യൂഡൽഹി : കോവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കെ ഡൽഹിക്കുള്ള മെഡിക്കൽ ഓക്സിജൻ വിഹിതം കേന്ദ്ര സർക്കാർ വെട്ടിക്കുറച്ചെന്ന ആരോപണവുമായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌‍രിവാൾ. ഡൽഹിക്കുള്ള ഓക്സിജൻ വിഹിതത്തിൽനിന്ന് 140 മെട്രിക് ടൺ മറ്റു സംസ്ഥാനങ്ങൾക്കു നൽ‌കിയെന്നും ഇതു പുനഃസ്ഥാപിക്കണമെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് എഴുതിയ കത്തിൽ കേജ്‍രിവാൾ ചൂണ്ടിക്കാട്ടി.

‘ഡൽഹിയിൽ ഓക്സിജൻ ദൗർലഭ്യം കഠിനമാണ്. കോവിഡ് കേസുകളിൽ വലിയ വർധന രേഖപ്പെടുത്തുമ്പോൾ സാധാരണത്തേക്കാൾ കൂടുതലായാണ് ഓക്സിജൻ വിതരണം ചെയ്യേണ്ടത്. ഇതിനു പകരം നിലവിലെ വിഹിതം വെട്ടിക്കുറച്ച് അതു മറ്റു സംസ്ഥാനങ്ങൾക്കു മറിച്ചു നൽകുകയാണു കേന്ദ്രം ചെയ്തത്. ഡൽഹിയിൽ ഓക്സിജൻ അടിയന്തരാവശ്യമായി മാറിയിരിക്കുന്നു’– കേജ്‍രിവാൾ ട്വിറ്ററിൽ വ്യക്തമാക്കി.

‘കൂടുതൽ കിടക്കകളും ഓക്സിജനും ഡൽഹിക്ക് ആവശ്യമാണ്. ഐസിയു കിടക്കകളും ഓക്സിജൻ വിതരണവും ഒരുക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 700 മെട്രിക് ടൺ ഓക്സിജൻ ദിവസവും മുടക്കമില്ലാതെ വേണമെന്നു കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്’– രാവിലത്തെ മന്ത്രിസഭാ യോഗത്തിനു ശേഷം കേജ്‍രിവാൾ മാധ്യമങ്ങളോടു പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 25,462 കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ഡൽഹിയിലെ ആകെ കോവിഡ് ബാധിതർ 8.5 ലക്ഷം കവിഞ്ഞു.

ഓക്സിജൻ ഡിമാൻഡ് സംസ്ഥാനങ്ങൾ നിയന്ത്രിച്ചു നിർത്തണമെന്ന പ്രതികരണവുമായി കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ രംഗത്തെത്തി. ‘രോഗിക്ക് ആവശ്യമുള്ളത്ര ഓക്സിജൻ നൽകേണ്ടതാണ്. ചിലയിടങ്ങളിൽ ആവശ്യമില്ലാത്തവർക്കും ഓക്സിജൻ നൽകുന്നതായി വാർത്തകളുണ്ട്. വിതരണ മാനേജ്മെന്റ് പോലെ പ്രധാനപ്പെട്ടതാണ് ആവശ്യ (ഡിമാൻഡ്) മാനേജ്മെന്റും. കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതു സംസ്ഥാനങ്ങളുടെ ചുമതലയാണ്. കേസുകൾ അനിയന്ത്രിതമായാൽ രാജ്യത്തെ ആരോഗ്യ മേഖലയ്ക്കു വൻ വെല്ലുവിളിയാകും. സംസ്ഥാനങ്ങളുടെ കൂടെ കേന്ദ്രമുണ്ട്. പക്ഷേ, സംസ്ഥാനങ്ങൾ ശക്തമായ നടപടികളെടുത്ത് ഉത്തരവാദിത്തം നിറവേറ്റണം’– പിയൂഷ് ഗോയൽ പറഞ്ഞു.

pathram desk 1:
Leave a Comment