കോവിഡ് മുക്തനായ മുഖ്യമന്ത്രിയുടെ മടക്കുയാത്രയിലും വിവാദം; കോവിഡ് പോസിറ്റീവ് ആയ ഭാര്യയും ഒപ്പം

കോഴിക്കോട് : കോവിഡ് മുക്തനായി മുഖ്യമന്ത്രി വീട്ടില്‍ ക്വാറന്റീനില്‍ പ്രവേശിച്ചതിനു പിന്നാലെ, മടക്കയാത്രയിലുള്‍പ്പെടെ അദ്ദേഹം കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചെന്ന ആരോപണം ശക്തമാകുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്നു മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഭാര്യ കമല കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവര്‍ പിപിഇ കിറ്റ് ധരിക്കാതെ മാസ്‌ക് മാത്രം ധരിച്ചു മുഖ്യമന്ത്രിക്കൊപ്പം ഒരേ കാറിലാണു മടങ്ങിയത്. കൊച്ചുമകന്‍, സെക്യൂരിറ്റി, ഡ്രൈവര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രിയെ യാത്രയയ്ക്കാന്‍ ഒട്ടേറെപ്പേര്‍ ആശുപത്രിയിലെത്തുകയും ചെയ്തു.

പോസിറ്റീവായി 10–ാം ദിവസമാണ് പരിശോധന നടത്തേണ്ടതെന്നിരിക്കെ, മുഖ്യമന്ത്രി 7–ാം ദിവസം പരിശോധന നടത്തി ആശുപത്രി വിട്ടതു ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് ഏപ്രില്‍ 4 മുതല്‍ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് അധികൃതര്‍ വിശദീകരിച്ചതു കൂടുതല്‍ വിവാദമായി. ഏപ്രില്‍ നാലിനു ധര്‍മടത്തു മുഖ്യമന്ത്രി നടത്തിയ റോഡ്‌ഷോയില്‍ ആയിരങ്ങള്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ ആറിനു വോട്ട് ചെയ്യുകയും ഒട്ടേറെപ്പേരുമായി ഇടപഴകുകയും ചെയ്തു. ഏപ്രില്‍ എട്ടിനാണ് കോവി!ഡ് പോസിറ്റീവായതായി അറിയിപ്പു വന്നതും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആയതും. ഇതനുസരിച്ച് 18നാണ് അടുത്ത പരിശോധന വേണ്ടിയിരുന്നത്.

അതേസമയം, രോഗലക്ഷണമില്ലെങ്കില്‍ രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസം ആശുപത്രി വിടാമെന്നാണു കേന്ദ്ര സര്‍ക്കാരും ഐസിഎംആറും പറഞ്ഞിട്ടുള്ളതെന്നും മുഖ്യമന്ത്രി പ്രോട്ടോക്കോള്‍ ലംഘിച്ചിട്ടില്ലെന്നുമാണ് മന്ത്രി കെ.കെ. ശൈലജ പ്രതികരിച്ചു. ചീഫ് സെക്രട്ടറി വി.പി. ജോയിയും ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെയുമാകട്ടെ, ഇതുസംബന്ധിച്ച ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി.

Similar Articles

Comments

Advertismentspot_img

Most Popular