ഉത്തരാഖണ്ഡ് ദുരന്തം: രക്ഷാപ്രവര്‍ത്തനം പുന:രാരംഭിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമലയിടിഞ്ഞ് തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്തുന്നതിനുള്ള രക്ഷാദൗത്യം പുന:രാരംഭിച്ചു. ഋഷിഗംഗ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചിരുന്നു.

ഇന്നലെ ഉച്ചയോടുകൂടിയാണ് ഋഷിഗംഗ നദിയിലെ ജലനിരപ്പ് അതിവേഗം ഉയര്‍ന്നത്. ഇതോടെ രക്ഷാപ്രവര്‍ത്തകരോട് പിന്മാറാന്‍ നിര്‍ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ജലനിരപ്പ് താഴ്ന്നതോടെ രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിച്ചു.

എണ്‍പത് മണിക്കൂറിലേറെയായി തുടരുന്ന ദൗത്യത്തിനിടെ തപോവന്‍ തുരങ്കത്തിനകത്തേക്ക് ആറ് മീറ്ററോളം മാത്രമേ രക്ഷാ പ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാന്‍ കഴിഞ്ഞിട്ടുള്ളൂ. പ്രളയജലം ഒലിച്ചെത്തിയ മറ്റു മേഖലകളില്‍ നിന്ന് ഇതുവരെ 34 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇരുന്നൂറോളംപേര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുന്നുണ്ട്.

ഞായറാഴ്ചയാണ് ചമോലിയില്‍ മഞ്ഞുമല തകര്‍ന്ന് കനത്ത പ്രളയമുണ്ടായത്. വെള്ളപ്പാച്ചിലില്‍ ദൗലിഗംഗ, അളകനന്ദ നദികളിലെ ജലനിരപ്പ് ഉയര്‍ന്നതോടെ തീരത്തെ ഗ്രാമങ്ങളും രണ്ട് ജലവൈദ്യുത പദ്ധതികളും തകര്‍ന്നിരുന്നു.

pathram desk 2:
Leave a Comment