നിങ്ങളുടെ ഹോള്‍മാര്‍ക്കിങ്ങില്ലാത്ത സ്വര്‍ണം 10 ദിവസത്തിനുള്ളില്‍ വില്‍ക്കണോ? സത്യം അറിയാം

കൊച്ചി : കൈവശമുള്ള ഹോൾമാർക്കിങ് മുദ്ര ഇല്ലാത്ത പഴയ സ്വർണം മുഴുവൻ 10 ദിവസത്തിനുള്ളിൽ വിറ്റു തീർക്കണോ? ജനുവരി 15 നു ശേഷം ഈ സ്വർണമൊന്നും വിൽക്കാൻ കഴിഞ്ഞില്ലെങ്കിലോ, അഥവാ വിൽക്കാനായാലും വിപണി വില ലഭിച്ചില്ലെങ്കിലോ– ഹോൾമാർക്കിങ് സംബന്ധിച്ച് ഒട്ടേറെ തെറ്റായ പ്രചാരണങ്ങളും ആശയക്കുഴപ്പങ്ങളും ഇപ്പോൾ നിലനിൽക്കുന്നുണ്ട്. ആഭരണ വ്യാപാരമേഖലയിൽ ഗുണനിലവാരം ഉറപ്പുവരുത്താനായി രാജ്യത്ത് ഹോൾമാർക്കിങ് നിർബന്ധമാക്കി പാർലമെന്റിൽ നിയമം പാസാക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഹോൾമാർക്കിങ് നിർബന്ധമാക്കിയ നിയമം പ്രാബല്യത്തിൽ വരുത്താൻ നൽകിയ സമയപരിധി ജനുവരി 15 ന് അവസാനിക്കുകയാണെന്നും അതിനാൽ പഴയ സ്വർണവും പാരമ്പര്യ സ്വർണവുമെല്ലാം 10 ദിവസത്തിനുള്ളിൽ വിറ്റില്ലെങ്കിൽ ഇവ മൂല്യമില്ലാത്ത ആഭരണങ്ങൾ മാത്രമായി മാറുമെന്നുമാണ് ഇപ്പോഴും പലരുടെയും വിശ്വാസം.

ഈ തെറ്റിദ്ധാരണകളുടെയെല്ലാം യാഥാർഥ്യം പരിശോധിക്കാം

• ജൂൺ 15 വരെ സമയം
ഹോൾമാർക്കിങ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വരാൻ ജൂൺ 2021 വരെ കേന്ദ്രസർക്കാർ സമയം അനുവദിച്ചിട്ടുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിലാണു സമയപരിധി നീട്ടിയത്. നേരത്തേ 2021 ജനുവരി 15 ആയിരുന്നു അവസാന തീയതി.

• സ്വർണം വിൽക്കാൻ ഹോൾമാർക്ക് വേണ്ട
ഹോൾമാർക്കിങ് നിയമം നിർബന്ധമാക്കിയത്, വ്യാപാരികൾ ഉപഭോക്താക്കൾക്കു വിൽക്കുന്ന സ്വർണത്തിനു മാത്രമാണ്. ഉപഭോക്താക്കളുടെ കൈവശമുള്ള സ്വർണാഭരണങ്ങളോ നാണയങ്ങളോ മറ്റ് ഉരുപ്പടികളോ വിൽക്കുന്നതിനോ മാറ്റിയെടുക്കുന്നതിനോ ഹോൾമാർക്കിങ് ആവശ്യമില്ല.

• ഹോൾമാർക്കില്ലാത്ത സ്വർണം പണയം വയ്ക്കാം
സാമ്പത്തിക ആവശ്യങ്ങൾക്കായി സ്വർണം പണയം വയ്ക്കുമ്പോൾ ആഭരണം ഹോൾമാർക്ക് ചെയ്തവയാണോ എന്നു നോക്കില്ല. സ്വർണപ്പണയത്തിനും നിയമം ബാധകമല്ലെന്ന് അർ‌ഥം.

• വ്യാപാരികൾ പറഞ്ഞാൽ?
ഹോൾമാർക്ക് ചെയ്യാത്ത സ്വർണം ജനുവരി 15 നു ശേഷം മാറ്റിവാങ്ങാനോ വിൽക്കാനോ കഴിയില്ലെന്ന് ഏതെങ്കിലും സ്വർണവ്യാപാരികൾ പറഞ്ഞാൽ ഉപഭോക്താക്കൾക്കു നിയമപരമായി നീങ്ങാനാകും. ഉപഭോക്താക്കളിൽനിന്നു സ്വീകരിക്കുന്ന സ്വർണത്തിന് ഹോൾമാർക്കിങ് നിർബന്ധമില്ലെന്നാണു കേന്ദ്രസർക്കാരിന്റെ നിയമം.

• ഹോൾമാർക്കിങ്ങില്ലാത്ത സ്വർണം എങ്ങോട്ട്?
ഉപഭോക്താക്കളിൽനിന്നു വ്യാപാരികൾ വിലയ്ക്കു വാങ്ങുന്ന സ്വർണം ഉരുക്കി, നിശ്ചിത കാരറ്റിലാക്കി ഹോൾമാർക്ക് ചെയ്ത് വീണ്ടും വിപണികളിലെത്തിക്കുകയാണു ചെയ്യുന്നത്.

• 2021 ജൂൺ 1 നു ശേഷം
ജ്വല്ലറികൾക്ക് ഹോൾമാർക്കിങ് മുദ്രയില്ലാത്ത ആഭരണങ്ങൾ വിൽക്കാൻ കഴിയില്ല. എന്നാൽ എപ്പോൾ വേണമെങ്കിലും ഉപഭോക്താക്കൾക്ക് ഹോൾമാർക്കിങ് ഇല്ലാത്ത സ്വർണം വിൽക്കാം, മാറ്റിവാങ്ങാം.

• ഹോൾമാർക്ക് ചെയ്യാത്ത ആഭരണങ്ങൾക്കു വില കുറയുമോ?
മാറ്റ് അനുസരിച്ചുള്ള അന്നത്തെ വിപണിവില ഉപഭോക്താക്കൾക്കു ലഭിക്കും.

• വാങ്ങാവുന്നവയും വിൽക്കാവുന്നവയും
മൂന്നു കാരറ്റുകളിലുള്ള സ്വർണാഭരണം വിൽക്കാനുള്ള അനുമതിയാണ് കേന്ദ്രസർക്കാർ ഉപഭോക്താക്കൾക്കു നൽകുന്നത്. 14,18, 22 കാരറ്റിലുള്ള ആഭരണങ്ങൾ ജ്വല്ലറികൾക്കു വിൽക്കാനാകും. ഇതിൽ ഏതു കാരറ്റിൽ ആഭരണങ്ങൾ നിർമിച്ചാലും ഹോൾമാർക്ക് ചെയ്യണം. 21 കാരറ്റ് സ്വർണം പുതിയ വിജ്ഞാപനപ്രകാരം ജ്വല്ലറികളിൽ വിൽക്കാനാകില്ല. അതേസമയം 21 കാരറ്റ് ആഭരണങ്ങൾ ഉപഭോക്താക്കളിൽനിന്ന് ജ്വല്ലറികൾക്കു വാങ്ങാം. പല വിദേശരാജ്യങ്ങളിൽനിന്നും കൊണ്ടുവരുന്ന സ്വർണം 21 കാരറ്റ് പരിശുദ്ധിയിലുള്ളവയാണ്.

Similar Articles

Comments

Advertismentspot_img

Most Popular