അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തു; നേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി നേതാക്കള്‍

തിരുവനന്തപുരം : കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയില്‍ നേതൃത്വത്തിനുനേരെ കടുത്ത വിമര്‍ശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്നാണ് നേതാക്കള്‍ ഒരേ സ്വരത്തില്‍ അഭിപ്രായപ്പെടുന്നത്. പരാജയം മറച്ചുവെച്ചിട്ട് കാര്യമില്ല. തോല്‍വി അംഗീകരിക്കാനുള്ള സുതാര്യതയാണ് സമിതിക്കുള്ളില്‍ വേണ്ടെന്ന് നേതാക്കള്‍ ആവശ്യമുന്നയിച്ചു. വി.ഡി. സതീശന്‍, പി.സി. ചാക്കോ, കെ. മുരളീധരന്‍, കെ. സുധാകരന്‍, പി.ജെ. കുര്യന്‍, ഷാനിമോള്‍ ഉസ്മാന്‍, ബെന്നി ബഹനാന്‍, പി.സി. വിഷ്ണുനാഥ് തുടങ്ങിയവരാണ് നേതൃത്വത്തെ കടന്നാക്രമിച്ചത്.

അരോചകമായ വാര്‍ത്താസമ്മേളനങ്ങളല്ലാതെ കെപിസിസി എന്തുചെയ്തുവെന്ന് നേതൃത്വത്തിനെതിരേ ഷാനിമോള്‍ ഉസ്മാന്‍ വിമര്‍ശനമുയര്‍ത്തി. നേതാക്കള്‍ പരസ്പരം പുകഴ്ത്തിക്കോളൂ എന്നാല്‍ പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല. ജനം ചോദ്യം ചെയ്യുന്ന സാഹചര്യം വന്നേക്കാമെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു.

ഇത്തരത്തിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനമെങ്കില്‍ ആറ് മാസം കഴിയുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരാജയം ചര്‍ച്ച ചെയ്യാന്‍ ഇതുപോലെ യോഗം ചെയ്യാമെന്നാണ് വി.ഡി സതീശന്‍ പരിഹസിച്ചത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പത്ത് പഞ്ചായത്തുകള്‍ കൂടുതല്‍ കിട്ടിയെന്ന മുല്ലപ്പള്ളിയുടെ അഭിപ്രായത്തിന് ‘അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പത്ത് സീറ്റ് കൂടുതല്‍ കിട്ടിയാല്‍ മതിയോ’ എന്നായിരുന്നു പിസി വിഷ്ണുനാഥിന്റെ പ്രതികരണം.

താഴെത്തട്ടുമുതല്‍ അഴിച്ചുപണി കൂടിയേതീരൂവെന്നു കെ. സുധാകരന്‍ പറഞ്ഞു. പ്രവര്‍ത്തിക്കാത്തവരെ മാറ്റണം. തിരഞ്ഞെടുപ്പുപ്രവര്‍ത്തനത്തിന്റെ പേരില്‍ നടന്നത് ഗ്രൂപ്പുകളി മാത്രമാണെന്നു പി.ജെ. കുര്യന്‍ ആരോപിച്ചു. സ്ഥാനാര്‍ഥിനിര്‍ണയം പാളി എന്ന അഭിപ്രായം എല്ലാവരും പങ്കിട്ടു. എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതുകൊണ്ട് വോട്ടുകിട്ടില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. ബി.ജെ.പി.യും സി.പി.എമ്മും സാമൂഹികമാധ്യമങ്ങളെ മികച്ചരീതിയില്‍ ഉപയോഗപ്പെടുത്തിയപ്പോള്‍ കോണ്‍ഗ്രസ് എന്തുചെയ്തുവെന്ന് വിഷ്ണുനാഥ് ചോദിച്ചു. സ്ഥാനാര്‍ഥികളെ സാമ്പത്തികമായും സഹായിക്കാന്‍ കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു. കെ.പി.സി.സി. ഭാരവാഹികള്‍ക്ക് ചുമതല നല്‍കാത്തതും വിമര്‍ശനവിധേയമായി. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനുനേരെയും ശക്തമായ എതിര്‍പ്പുയര്‍ന്നു.

ന്യൂനപക്ഷ വോട്ടുകള്‍ എല്‍ഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകള്‍ ബിജെപിയിലേക്കും പോവുന്നത് തടയണം. ശക്തികേന്ദ്രങ്ങളിലെ വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ നടപടിയുണ്ടാവണമെന്നും യോഗത്തില്‍ ചര്‍ച്ചയുയര്‍ന്നു. മധ്യകേരളത്തിലും മധ്യതിരുവിതാകൂറിലും കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പരമ്പരാഗത വോട്ടില്‍ അതിശക്തമായ ചോര്‍ച്ചയുണ്ടായത് ഗുരുതരമാണ്. ക്രിസ്ത്യന്‍ വോട്ടുകളില്‍ മാറ്റുണ്ടായി. അത് ജോസ് കെ മാണിയുടെ ഇടതുമുന്നണി പ്രവേശം കൊണ്ടുമാത്രമല്ല. ന്യൂനപക്ഷ മേഖലകളിലും വോട്ട് ഗതിയില്‍ മാറ്റമുണ്ടായതായാണ് വിലയിരുത്തല്‍. തിരുത്തല്‍ നടപടികള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തണമെന്നും യോഗത്തില്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

മറ്റന്നാള്‍ ജില്ലയുടെ ചുമതലയുള്ള ജനറല്‍സെക്രട്ടറിമാര്‍ ഓരോ ജില്ലയിലെയും റിപ്പോര്‍ട്ടുനല്‍കണം. തോല്‍വി വിലയിരുത്താന്‍ നേതാക്കള്‍ നേരിട്ടുപങ്കെടുക്കുന്ന രണ്ടുദിവസത്തെ രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കും. 140 നിയോജക മണ്ഡലങ്ങളിലും കെ.പി.സി.സി. സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കും.

അതേസമയം രാഷ്ട്രിയകാര്യ സമിതിയിലെ വിമര്‍ശനങ്ങള്‍ സ്വാഭാവികമാണെന്ന് കെപിസിസി നേതാവ് കെ മുരളീധരന്‍ പ്രതികരിച്ചു. വിമര്‍ശനങ്ങളാണ് പാര്‍ട്ടിയെ മുന്നോട്ട് നയിക്കുന്നത്.

പാര്‍ട്ടിയിലെ പരാജയ കാര്യങ്ങള്‍ അടുത്ത രാഷ്ട്രീയ കാര്യ സമിതിയില്‍ വിശദമായി ചര്‍ച്ച ചെയ്യും. അതിനു ശേഷം ഭാവി പരിപാടികള്‍ നിശ്ചയിക്കും. എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കും. തനിക്കെന്നും ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular