രാജസ്ഥാനില്‍നിന്നുള്ള കര്‍ഷക മാര്‍ച്ച് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍നിന്നുള്ള കര്‍ഷക മാര്‍ച്ച് രാജസ്ഥാന്‍ ഹരിയാന അതിര്‍ത്തിയില്‍ തടഞ്ഞു. പൊലീസിനൊപ്പം സൈന്യത്തെയും അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടുണ്ട്. ജയ്പുര്‍ ഡല്‍ഹി ദേശീയപാത അടച്ചു. അതിനിടെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പഞ്ചാബില്‍നിന്നുള്ള ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തുകയാണ്.

കര്‍ഷകര്‍ രണ്ട് ചുവടു വയ്ക്കുകയാണെങ്കില്‍ സര്‍ക്കാരും രണ്ടു ചുവടു വച്ച് പരിഹാരം കാണുമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി കൈലാഷ് ചൗധരി വ്യക്തമാക്കി. കര്‍ഷക സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബ് ജയില്‍ ഡിഐജി ലഖ്മിന്ദര്‍ സിങ് ജാഖര്‍ രാജിവച്ചു. രാജിക്കത്ത് ശനിയാഴ്ച സംസ്ഥാന സര്‍ക്കാരിനു അയച്ചതായി അദ്ദേഹം വ്യക്തമാക്കി.

ഡല്‍ഹി ചലോ കര്‍ഷക പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി രാജസ്ഥാനില്‍നിന്ന് നൂറുകണക്കിന് കര്‍ഷകരാണ് ഡല്‍ഹിയിലേക്കു മാര്‍ച്ച് ചെയ്തത്. നിയമങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ചു വ്യക്തമാക്കിയ സാഹചര്യത്തില്‍ സമരം കടുപ്പിക്കുകയാണു സംയുക്ത സമരസമിതി. കര്‍ഷക സംഘടനാ നേതാക്കള്‍ നാളെ നിരാഹാര സമരം അനുഷ്ഠിക്കും.

pathram:
Leave a Comment