ബിജെപിയില്‍ ചേരുന്നുവെന്ന് പ്രചാരണം, മറുപടിയുമായി എം.എം.ലോറന്‍സ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സിപിഎം വിട്ട് ബി.ജെ.പിയിൽ ചേരുന്നു എന്ന പ്രചാരണത്തിന് മറുപടിയുമായി എംഎം ലോറൻസ്. വ്യാജവാർത്തകളെ വ്യാജവാർത്തകളായി തള്ളിക്കളയണമെന്ന് ലോറൻസ് പറഞ്ഞു. ഉടൻ പ്രസിദ്ധീകരിക്കാൻ പോകുന്ന ഓർമക്കുറിപ്പുകളിലെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ മറുപടി.

ലോറൻസിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഈയിടെ ഞാൻ ബിജെപി അനുകൂലമായും കമ്യൂണിസ്റ്റ് പാർടിക്ക് എതിരായും പറഞ്ഞുവെന്ന് ചില വ്യാജ പ്രചാരണങ്ങൾ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പരത്താൻ ചില ബിജെപിക്കാർ ശ്രമിക്കുന്നുണ്ട്. അതിനാൽ, ഞാൻ എഴുതിയ ഉടനെ പ്രസിദ്ധീകരിക്കാൻ പോകുന്ന എന്റെ ജീവിതത്തിലെ ഓർമ്മക്കുറിപ്പുകളിൽനിന്നും ഒരു ഭാഗം ഇവിടെ കൊടുക്കുന്നു.

…അങ്ങനെ നസ്രത്തിൽനിന്ന് പറിച്ചുനട്ട ഞങ്ങൾ മുളവുകാട്ടുകാരായി. നസ്രത്തിൽനിന്ന് നേർരേഖയിൽ ഏതാണ്ട് ആറേഴ് കിലോമീറ്റർ ദൂരമേ മുളവുകാടിനുള്ളു.പറിച്ചുനടൽ എന്ന് പറയുമ്പോഴാണ് രണ്ടോ മൂന്നോ വർഷം മുമ്പ് വായിച്ച ചില പ്രധാനപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് ഓർമ്മ വരുന്നത്. അതിലൊന്ന് പ്രണോയ് ലാൽ എന്ന ശാസ്ത്രജ്ഞൻ എഴുതിയ ഇൻഡിക്ക (INDICA) എന്ന പുസ്തകമാണ്. ജനിതക ശാസ്ത്രം, പരിണാമ ശാസ്ത്രം, കാലാവസ്ഥ വ്യതിയാനങ്ങൾ, ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം തുടങ്ങീ ഒട്ടനവധി ശാസ്ത്ര ശാഖകളിലെ ശാസ്ത്രീയ കണ്ടെത്തലുകൾ കൂട്ടിച്ചേർത്ത് എഴുതിയ പുസ്തകമാണിത്.

അതിലെ ഒന്നുരണ്ടു കാര്യങ്ങൾ ഇവിടെ പറയുന്നത് എല്ലാവർക്കും ആ പുസ്തകം വായിക്കാനുള്ള ആഗ്രഹം ഉണ്ടാക്കും എന്ന് തോന്നുന്നു. ഒന്ന് കേരളത്തിന്റെ സംസ്ഥാന മൽസ്യമായ കരിമീനിനെക്കുറിച്ചാണ്. എന്നാൽ കരിമീൻ (PEARL SPOT ) കേരളീയനല്ല എന്ന് പറയുന്നു. രണ്ട് പാലക്കാടൻ ചുരം (PALAKAD GAP) ശരിക്കുള്ള ചുരത്തിന്റെ പകുതി മാത്രമാണത്രെ. മറ്റേ പകുതി ആഫ്രിക്കയിലെ മഡഗാസ്കറിലാണ്. ഭൂഖണ്ഡങ്ങളുടെ സ്ഥാനമാറ്റം (Shifting Of Tectonic Plates) മൂലം സംഭവിച്ചതാണത്രെ. അതുപോലെ ഹിമാലയത്തിന്റെ പൊക്കം വർഷം തോറും കൂടി വരികയാണ് എന്നതാണ്. ആ പുസ്തകം വായിക്കുന്നതുവരെ എന്റെ ധാരണ ഹിമാലയത്തിന്റെ പൊക്കം കുറഞ്ഞു വരികയാണ് എന്നായിരുന്നു. ഏഷ്യൻ പ്ലേറ്റ് (ഭൂഖണ്ഡം) യൂറേഷ്യൻ പ്ലേറ്റിനടിയിൽ ഇടിച്ചു കയറുന്നതുകൊണ്ടാണത്. വർഷംതോറും ഏതാണ്ട് 30 സെ. മീറ്റർ അപ്രകാരം ഇടിച്ചു കയറുന്നതായി പറയുന്നു.

മറ്റൊരു പുസ്തകം ടോണി ജോസഫ് എഴുതിയ ആദിമ ഇന്ത്യക്കാർ എവിടെ നിന്ന് വന്നു (Early Indians Where Do They Came From) എന്ന പുസ്തകമാണ്. ആഫ്രിക്കയിൽ നിന്ന് എന്നാണ് വിവിധ ശാസ്ത്ര ശാഖകളുടെ കണ്ടുപിടുത്തങ്ങൾ കൂട്ടിയോജിപ്പിച്ച് ടോണി ജോസഫ് സമർത്ഥിക്കുന്നത്. സങ്കുചിത ദേശീയവാദം (National Chauvinism) അക്രമാസക്തമായി നിൽക്കുന്ന ഈ കാലഘട്ടത്തിൽ തീർച്ചയായും എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ് ഇവ.അതുപോലെ മറ്റൊരു പുസ്തകമാണ് How Fast Are You Moving When Sitting Still?. നമ്മൾ വെറുതെ ഇരിക്കുമ്പോൾ പോലും ഏതാണ്ട് മണിക്കൂറിൽ 1400 കിലോ മീറ്റർ വേഗതയിൽ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് എന്ന് ആ പുസ്തകം ഓർമ്മിപ്പിക്കുന്നു. അത് ഒരു ദിശയിലെ വേഗം മാത്രം. വേറെയുമുണ്ട് അതിവേഗതയിലുള്ള സഞ്ചാരങ്ങൾ. നമ്മൾ അറിയുന്നില്ല എന്നുമാത്രം. അങ്ങനെ നോക്കുമ്പോൾ നസ്രത്തിൽനിന്ന് മുളവുകാട്ടേക്കുള്ളത് വെറും ഒരു ചെറിയ കൂടുമാറ്റമാണ്.

മേൽപറഞ്ഞവ പോലെയോ, അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒന്നായോ കാണേണ്ട ഒന്നാണ് Human Genome Programme. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങൾ ചേർന്ന് മനുഷ്യന്റെ (Homosapien) ജനിതിക ഘടനയെക്കുറിച്ചുള്ള അതിബൃഹൃത്തായ ശാസ്ത്രീയ പഠനമാണത്. മനുഷ്യന്റെ ജനിതകഘടന ഏകദേശം മുഴുവനായിതന്നെ ആ പഠനത്തിലൂടെ കണ്ടുപിടിച്ചു. മനുഷ്യന്റെ ശാരീരികവും ധിഷണാപരവുമായ ശക്തികളെയും വൈകല്യങ്ങളെയും അതിൽ ജീനുകൾക്കുള്ള പ്രധാന്യത്തെയുംകുറിച്ച് ഇതുവരെ ഉണ്ടാവാത്ത ഉൾക്കാഴ്ച തരുന്ന പഠനമാണത്. മനുഷ്യനും മറ്റ് ജീവജാലങ്ങളും, എന്നുവെച്ചാൽ മൃഗങ്ങളും സസ്യജാലങ്ങളുമടക്കം എല്ലാ ജീവജാലങ്ങളും ആയുള്ള പാരസ്പരീക ബന്ധം ശാസ്ത്രീയമായി അതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

മേൽപറഞ്ഞവ പോലെയോ, അതിനേക്കാൾ പ്രാധാന്യം അർഹിക്കുന്ന ഒന്നായോ കാണേണ്ട ഒന്നാണ് Human Genome Programme. ലോകത്തിലെ പ്രധാനപ്പെട്ട അഞ്ചു രാജ്യങ്ങൾ ചേർന്ന് മനുഷ്യന്റെ (Homosapien) ജനിതിക ഘടനയെക്കുറിച്ചുള്ള അതിബൃഹൃത്തായ ശാസ്ത്രീയ പഠനമാണത്. മനുഷ്യന്റെ ജനിതകഘടന ഏകദേശം മുഴുവനായിതന്നെ ആ പഠനത്തിലൂടെ കണ്ടുപിടിച്ചു. മനുഷ്യന്റെ ശാരീരികവും ധിഷണാപരവുമായ ശക്തികളെയും വൈകല്യങ്ങളെയും അതിൽ ജീനുകൾക്കുള്ള പ്രധാന്യത്തെയുംകുറിച്ച് ഇതുവരെ ഉണ്ടാവാത്ത ഉൾക്കാഴ്ച തരുന്ന പഠനമാണത്. മനുഷ്യനും മറ്റ് ജീവജാലങ്ങളും, എന്നുവെച്ചാൽ മൃഗങ്ങളും സസ്യജാലങ്ങളുമടക്കം എല്ലാ ജീവജാലങ്ങളും ആയുള്ള പാരസ്പരീക ബന്ധം ശാസ്ത്രീയമായി അതിലൂടെ തെളിഞ്ഞിരിക്കുകയാണ്.

മധുരയിലുള്ള വിരുമാണ്ടി എന്ന ഇന്ത്യക്കാരന്റെ ജനിതക ഘടന അപഗ്രഥിച്ചതായി കേട്ടിട്ടുണ്ട്. ഔദ്യോഗികമായി അതിന്റെ ഫലങ്ങൾ പുറത്തേക്ക് വിട്ടിട്ടില്ലത്രെ. അതിന്റെ കാരണം രസാവഹമാണ്. അത് പുറത്തുവന്നാൽ പലരെയും പല ജോലികൾക്കും പറ്റില്ല എന്ന് ആ ജോലിക്ക് തെരഞ്ഞെടുപ്പ് നടത്തുമ്പോൾതന്നെ മനസിലായേക്കും എന്നതുകൊണ്ടാണെന്നാണ് പറയപ്പെടുന്നത്.
ഒരു പക്ഷേ മനുഷ്യരുടെ ഇന്നേ വരെ ഉള്ളതിൽ വെച്ച് ഏറ്റവും വലിയ കണ്ടുപിടുത്തമാണ് മനുഷ്യന്റെ ജനിതക ഘടനയെക്കുറിച്ച് നടത്തിയിട്ടുള്ളത്.

ഈ പഠനത്തിലൂടെ ഏതാണ്ട് 98.5 ശതമാനം ജീനുകൾ മനുഷ്യരിലും ചിമ്പാൻസിയിലും ഒന്നുതന്നെയാണെന്ന് അവർ കണ്ടുപിടിച്ചു. ഇതേ സാമ്യം ഏറ്റക്കുറച്ചിലുകളിലൂടെ മറ്റ് ജീവികളുമായി മനുഷ്യനുണ്ട് എന്നും സമർഥിക്കുന്നു. എന്തിന് വാഴ പഴത്തിലെ ജീനുകൾ പോലും മനുഷ്യരിലുണ്ട് എന്നും കണ്ടുപിടിച്ചിരിക്കുന്നു.

ഡാർവിന്റെ പരിണാമ സിദ്ധാന്തങ്ങളും അദ്ദേഹം എഴുതിയ പുസ്കങ്ങളും ഇവയെല്ലാംകൂടി വായിക്കുമ്പോൾ കിട്ടുന്ന വിജ്ഞാനവും വിസ്മയാവഹമാണ്. ഇവയെല്ലാം ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ളതും പല പിന്തിരിപ്പൻ ആശയഗതികളെയും പിന്തിരിപ്പൻ രാഷ്ട്രീയ നിലപാടുകളെയും അടിയോടെ വേരറുക്കുന്ന ശാസ്ത്ര സത്യങ്ങളാണ്. എല്ലാവരും വായിച്ചിരിക്കേണ്ട പുസ്തകങ്ങളാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകങ്ങളും അറിഞ്ഞിരിക്കേണ്ട യാഥാർഥ്യങ്ങളും ഇനിയുമേറെയുണ്ട്.

ഇതിനൊപ്പംതന്നെ വായിച്ചിരിക്കേണ്ടവയാണ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, The Origin Of The Family, Private Property And The State, വൈരുദ്ധ്യാത്മക ഭൗതികവാദം എന്നിവ. അതുപോലെതന്നെ പ്രാധാന്യമേറിയതാണ് ചാൾസ് ഡാർവിന്റെ Origin Of Spicies തുടങ്ങിയ പുസ്തകങ്ങൾ.

ഇത്തരം പുസ്തകങ്ങളിലും മറ്റും പ്രതിപാദിച്ചിരിക്കുന്ന കൃത്യതയോടെയുള്ള ശാസ്ത്രീയ കണ്ടുപിടുത്തങ്ങൾക്ക് മുന്നിൽ അഡോൾഫ് ഹിറ്റ്ലറുടെ ‘മെയിൻ കാഫിനോ’ ഗോൾവാൾക്കറുടെ ‘ബഞ്ച് ഓഫ് തോട്ട്സി’നോ (വിചാരധാര) ഒന്നും ഒരു ദുർബലമായ പ്രതിരോധംപോലും തീർക്കാൻ കഴിയില്ല.! പക്ഷേ, അവയ്ക്ക് കുറേ കാലത്തേക്ക് ജനങ്ങളെ അന്ധവിശ്വാസങ്ങളിലൂന്നി കബളിപ്പിച്ചും വഴിതെറ്റിച്ചും നടത്താൻ കഴിഞ്ഞേക്കും. കുറേ സംഘട്ടനങ്ങളും മരണങ്ങളും രക്തസാക്ഷിത്വങ്ങളും നിർമ്മിക്കാൻ കഴിഞ്ഞേക്കും. പക്ഷേ, അവ ഒരിക്കലും സ്ഥായിയായിരിക്കില്ല.!

ഇന്ന് നമ്മുടെ ഇന്ത്യയിൽ പാത്രം കൊട്ടിയും, വിളക്ക് തെളിച്ചും, പപ്പടം തിന്നും മറ്റും Covid നെപ്പോലെയുള്ള മഹാമാരികളെ ചെറുക്കാൻ കഴിയും എന്ന് പറയുന്നത് അക്ഷരാഭ്യാസം ഇല്ലാത്ത നിഷ്കളങ്കരായ നമ്മുടെ സഹോദരന്മാരായ ഗ്രാമീണരല്ല, മറിച്ച് ഭരണകർത്താക്കളാണ്.

ഇന്നത്തെ സാമൂഹ്യ അന്തരീക്ഷത്തിലും ഘടനയിലും ജനങ്ങൾക്ക് പ്രതീക്ഷ നൽകുന്ന സംഘടനയും തത്വചിന്തയും കമ്യൂണിസ്റ്റ് പാർടിയും മാർക്സിസവും ലെനിനിസവും ആണ്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് തത്വചിന്തകൾ സമൂഹത്തിന്റെ വളർച്ചയെ എങ്ങിനെ നോക്കികണ്ട് വിശകലനം ചെയ്തോ, അതുപോലെ തന്നെയാണ് ഭൂതകാലവും വർത്തമാനവും. ഭാവിയിലേക്കുള്ള ചൂണ്ടുപലകയുമാണത്.

എന്റെ കമ്യൂണിസ്റ്റ് പാർടിയോടും കമ്യൂണിസത്തോടുമുള്ള സംശയലേശമില്ലാത്ത ഹൃദയത്തിൽനിന്നുള്ള കൂറ് ഒരിക്കൽകൂടി ഇവിടെ അടിവരയിട്ട് ഉറപ്പിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുകയാണ്. വ്യാജവാർത്തകൾ വ്യാജ വാർത്തകളായി തന്നെ തള്ളിക്കളയുക.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7