വിവാഹ അഭ്യര്‍ഥന നിരസിച്ചു; 50 കാരനെ കൊലപ്പെടുത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിവാഹ അഭ്യര്‍ഥന നിരസിച്ചതിനു ഇരുപത്തിയഞ്ചുകാരന്‍ കാമുകിയുടെ പിതാവിനെ കൊലപ്പെടുത്തി. സോണിയ വിഹാറില്‍ തിങ്കളാഴ്ചയാണു സംഭവം. കൊലയ്ക്കു ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതി പാലം മെട്രോ സ്റ്റേഷന്‍ ജീവനക്കാരനായ സുരജ് കുമാറിനെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് തലയ്ക്കു പരുക്കേറ്റ നിലയില്‍ 50കാരനായ ബിജേന്ദര്‍ സിങ്ങിന്റെ മൃതദേഹം വീട്ടില്‍ കണ്ടെത്തിയത്. ആരും വീട്ടില്‍ അതിക്രമിച്ചു കയറിയതിന്റെ ലക്ഷണങ്ങള്‍ കാണാതിരുന്നതോടെ പൊലീസിനു സംശയമേറി. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ദത്തുപുത്രിയുടെ കാമുകനായ സൂരജ് കുടുങ്ങിയത്.

ബിജേന്ദറും ഭാര്യയും മകളായി ദത്തെടുത്ത പെണ്‍കുട്ടിയും സൂരജും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ യഥാര്‍ഥ മാതാപിതാക്കള്‍ ഈ ബന്ധത്തെ രൂക്ഷമായി എതിര്‍ത്തിരുന്നു. എന്നാല്‍ 24കാരിയായി പെണ്‍കുട്ടി ബന്ധത്തില്‍ ഉറച്ചുനിന്നതോടെ ബിജേന്ദറും ഭാര്യയും പെണ്‍കുട്ടിയെ ഉത്തര്‍പ്രദേശിലുള്ള അവളുടെ യഥാര്‍ഥ മാതാപിതാക്കളുടെ അടുത്തെത്തിച്ചു മടങ്ങി. തുടര്‍ന്ന് സൂരജിന്റെ മാതാപിതാക്കള്‍ ഉത്തര്‍പ്രദേശിലെത്തി വിവാഹാലോചന നടത്തി.

എന്നാല്‍ ബിജേന്ദറും വിവാഹത്തെ എതിര്‍ത്തു. ഇതോടെ രോഷാകുലനായ സൂരജ് ബിജേന്ദറിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. നവംബര്‍ 28 മുതല്‍ ബിജേന്ദറിനെയും ഭാര്യയേയും പിന്തുടര്‍ന്നിരുന്നുവെന്ന് സുരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞു. സംഭവദിവസം ബിജേന്ദറിന്റെ വീട്ടിലെത്തിയ സൂരജ് അടുക്കളയില്‍നിന്നു കത്തിയെടുത്തു അദ്ദേഹത്തിന്റെ തലയില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് പ്രഷര്‍ കുക്കര്‍ എടുത്ത് ബിജേന്ദറിന്റെ തലയ്ക്കു പലവട്ടം അടിച്ചുവെന്നും പൊലീസ് പറഞ്ഞു.

follow us pathramonline

pathram:
Leave a Comment